സ്റ്റുഡന്‍റ്സ് പൊലീസ്: ഹിജാബും സ്കാർഫും അനുവദിക്കില്ലെന്ന ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് വനിത ലീഗ്

മലപ്പുറം: സ്റ്റുഡന്‍റ്സ് പൊലീസിന് ഹിജാബും സ്കാർഫും അനുവദിക്കാനാവില്ലെന്ന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് വനിത ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സുഹറ മമ്പാട്. മത വിശ്വാസപ്രകാരമുള്ള വസ്ത്രങ്ങൾ എസ്.പി.സിയുടെ മതേതര സ്വഭാവത്തെ ബാധിക്കുമെന്നാണു സർക്കാറിന്റെ പക്ഷം. എന്നാൽ വൈവിധ്യങ്ങളെ ഉൾക്കൊള്ളലാണു ഇന്ത്യൻ മതേതരത്വത്തിന്റെ അന്തസത്തയെന്ന് സുഹറ മമ്പാട് വ്യക്തമാക്കി.

വസ്ത്രത്തിലും ഭാഷയിലും ഭക്ഷണത്തിലും മതത്തിലും എല്ലാമുള്ള വൈവിധ്യങ്ങൾ ഒന്നുചേർന്ന മനോഹരമായ ഉദ്യാനമാണു ഭാരതം. റിപ്പബ്ലിക്ക്‌ ദിന പരേഡിൽ കണ്ടതുപോലെ ഒന്നിലേക്ക്‌ മാത്രം ചുരുക്കലല്ല 'ഹിന്ദുസ്ഥാൻ' എന്ന മഹത്തായ രാജ്യത്തിന്റെ ആശയം.

ഫാഷിസ്റ്റ്‌ സർക്കാറിന്റെ ആ രീതി കേരളത്തിലും കൊണ്ടുവരുന്നത്‌ രാജ്യത്തിന്റെ മതേതരത്വ ആശയത്തിനു നല്ലതല്ല. ഗ്രേസ്‌ മാർക്കും മറ്റും ലഭിക്കുന്ന എസ്.പി.സിയിൽ മതത്തിന്റെ ഭാഗമായ വേഷങ്ങൾ അനുവദിക്കാത്തത്‌ മൗലികാവകാശത്തിന്റെ ലംഘനമാണ്. വിശാലമായ അർഥത്തിലും ആശയത്തിലും മതേതരത്വം മനസിലാക്കാനും നടപ്പിലാക്കാനും ഭരിക്കുന്നവർ ശ്രമിക്കണം.

എസ്.പി.സി യൂണിഫോമിലും സ്കൂൾ യൂണിഫോമിലും ഇത്തരം കടന്നുകയറ്റങ്ങൾ കുട്ടികളുടെ അഭിരുചികൾക്ക്‌ വിലങ്ങുതടിയാവും. പ്രകടനപരതക്കപ്പുറത്ത്‌ രാജ്യത്തിന്റെ ഉന്നതമായ മൂല്യങ്ങളാണു മതേതരത്വവും മൗലികാവകാശങ്ങളും. അതിനാൽ സർക്കാർ മൗലികാവകാശങ്ങളുടെ മേലുള്ള ഈ കടന്നു കയറ്റം പിൻവലിക്കണമെന്ന് സുഹറ മമ്പാട് ആവശ്യപ്പെട്ടു.

Tags:    
News Summary - Student Police: Vanitha League says hijab and scarf ban not acceptable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.