തിരുവനന്തപുരം: പെൻഷൻ വ്യവസ്ഥയുടെ സമഗ്രമായ പരിഷ്കരണത്തിലൂടെ അധിക ബാധ്യത ജനങ്ങളുടെമേൽ ചുമത്താതെ ക്ഷേമ പെൻഷൻ 1600 രൂപയിൽനിന്ന് 4300 രൂപയായി വർധിപ്പിക്കാൻ കഴിയുമെന്ന് പഠനം. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാൻസ് ആൻഡ് ടാക്സേഷൻ മുൻ ഫാക്കൽറ്റിയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്‍റർപ്രൈസ് കൾച്ചർ ആൻഡ് ഒൻഡർപ്രണർഷിപ് ഡെവലപ്മെന്‍റ് എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറുമായ ഡോ. ജോസ് സെബാസ്റ്റ്യന്‍റേതാണ് പഠനം.
2019-20 ലെ കണക്കുകൾ പ്രകാരം പെൻഷൻ ബാധ്യത ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണ്. വരുംവർഷങ്ങളിൽ പെൻഷൻ ബാധ്യത വലിയ ചുമടായി കേരള സമൂഹത്തിനുമേൽ പതിക്കും. നിലവിൽ വയോജനങ്ങൾ സ്റ്റാറ്റ്യൂട്ടറി പെൻഷൻ, പങ്കാളിത്ത പെൻഷൻ, ക്ഷേമ പെൻഷൻ എന്നിങ്ങനെ മൂന്നു തരം പെൻഷൻ വ്യവസ്ഥകളിലാണ്. ഈ പെൻഷനുകൾ തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നു. ഇത് സമൂഹത്തിൽ പ്രാദേശികവും സാമുദായികവുമായ അസമത്വങ്ങൾക്ക് കാരണമാകുന്നു.
പെൻഷനെന്നത് മാന്യമായി ജീവിച്ച് മരിക്കാനുള്ള പൊതുസമൂഹത്തിന്‍റെ സൗമനസ്യമായി പുനർനിർവചിച്ച് സാർവത്രിക പെൻഷൻ വ്യവസ്ഥയിലേക്ക് മാറുകയാണ് കേരളത്തിനു മുന്നിലെ പരിഹാരം. നിലവിൽ സ്റ്റാറ്റ്യൂട്ടറി പെൻഷൻ വ്യവസ്ഥയുടെ പരിധിയിൽ വരുന്ന പെൻഷൻകാരെ കൂടി പങ്കാളിത്ത പെൻഷൻ പദ്ധതിക്കു കീഴിൽ കൊണ്ടുവരണം.
ഇതുവഴി അധിക ബാധ്യതകളില്ലാതെ തന്നെ ക്ഷേമ പെൻഷൻ 1600 രൂപയിൽനിന്ന് വർധിപ്പിക്കാനുള്ള വിഭവങ്ങൾ ലഭ്യമാകും. വർധിപ്പിക്കുന്ന പെൻഷൻ ഉടൻ വിപണിയിലെത്തി കോവിഡ് മൂലം സമ്പദ് വ്യവസ്ഥ നേരിടുന്ന മുരടിപ്പ് മാറ്റും. ഇതോടെ, നികുതിവരുമാനം വർധിച്ച് സമ്പദ് വ്യവസ്ഥ വളർച്ചയുടെ പാതയിലേക്ക് തിരികെയെത്തുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.