തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കടലിലെ ജൈവവൈവിധ്യത്തിന് ഭീഷണി ഉയർത്തുന്നതായി പഠനറിപ്പോർട്ട്. അന്താരാഷ്ട്ര തുറമുഖ നിർമാണം പാരിസ്ഥിതികവും ഭൗമശാസ്ത്രപരവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. ഇതിനെക്കുറിച്ച് പഠിക്കാനും ഇടപെടാനും സംസ്ഥാന ജൈവവൈവിധ്യ ബോർഡിനെ ചുമതലപ്പെടുത്തണമെന്നും ജനകീയ പഠനസമിതി തയാറാക്കിയ റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
തീരങ്ങൾ, തീരക്കടൽ, ജൈവവൈവിധ്യം, ഉപജീവന മാർഗങ്ങൾ എന്നിവയിൽ ജില്ലയിലെ മത്സ്യത്തൊഴിലാളി സമൂഹത്തിനുമേൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സൃഷ്ടിച്ച ആഘാതം എന്ന വിഷയത്തിലായിരുന്നു പഠനം. ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നിവ സംഗമിക്കുന്ന സവിശേഷമായ സ്ഥലമാണ് വിഴിഞ്ഞം കടൽ മേഖല. വിവിധയിനം സമുദ്രജീവികൾ, പവിഴങ്ങൾ, മത്സ്യങ്ങൾ, ആൾഗകൾ എന്നിവയുടെ ആവാസ കേന്ദ്രമാണിവിടം. കേരളത്തിന്റെ സമുദ്ര ജൈവവൈവിധ്യത്തിന്റെ 20 ശതമാനം ഉൾക്കൊള്ളുന്ന വിഴിഞ്ഞം ഉൾക്കടൽ സുപ്രധാന സമുദ്ര ജൈവവൈവിധ്യ മേഖലയായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മത്സ്യമേഖലയിൽ പ്രവർത്തിക്കുന്നവരുമായി സഹകരിച്ച് മേഖലയിലെ സമുദ്ര ജൈവവൈവിധ്യത്തിന്റെ പ്രധാന്യം സൂക്ഷ്മമായി രേഖപ്പെട്ടുത്തിയിട്ടുണ്ട്. പീപ്പിൾസ് മറൈൻ ഡൈവേഴ്സിറ്റി രജിസ്റ്ററും തയാറാക്കിയിരുന്നു.
തുറമുഖ നിർമാണം മേഖലയിലെ ജൈവവൈവിധ്യത്തെയും കടൽ ആവാസ വ്യവസ്ഥയെയും തകിടം മറിച്ചു. അടിത്തട്ടിലെ ഡ്രഡ്ജിങ്, ഖനനം പോലുള്ള പ്രവൃത്തികൾ സ്വാഭാവിക പാരുകൾക്ക് കേടുപാടുണ്ടാക്കി. കടൽ നികത്തിയതും പുലിമുട്ടുകൾ സ്ഥാപിക്കുന്നതും ആവാസവ്യവസ്ഥയെ തടസ്സപ്പെടുത്തിയതിനൊപ്പം വിവിധ ജീവജാലങ്ങളെ നാശത്തിലേക്കെത്തിക്കുകയും ചെയ്തു. സമുദ്രജീവികളുടെ ആവാസവ്യവസ്ഥ തകർക്കപ്പെട്ടത് മേഖലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും ബാധിച്ചു. അവരുടെ പതിവ് മത്സ്യബന്ധന ഇടങ്ങൾ അപ്രാപ്യമാക്കുന്ന സ്ഥിതിയുണ്ടായി.
തുറമുഖനിർമാണം ആരംഭിച്ചശേഷം തീരശോഷണം വർധിച്ചതായി ഒരോ പ്രദേശത്തെയും വിശദാംശങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ടിൽ വിവരിക്കുന്നു. തുറമുഖം നിർമിക്കുന്നതിനു മുമ്പ് പനത്തുറ, പൂന്തുറ തുടങ്ങിയ ഗ്രാമങ്ങളെ തീരശോഷണം ബാധിച്ചിരുന്നു. എന്നാൽ, തുറമുഖ നിർമാണം തുടങ്ങിയശേഷം തീരശോഷണവും വീടുകളുടെ നഷ്ടവും വലിയതുറക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിലേക്ക് വ്യാപിച്ചു. ഏഴ് തുറകളിലായി 289 വീടുകളാണ് നഷ്ടപ്പെട്ടത്. തീരശോഷണം കൂടുതൽ സംഭവിച്ച തീരങ്ങളിൽ മൺസൂൺകാലത്ത് തിരമാലകൾ കൂടുതൽ തീവ്രതയോടെ ഉള്ളിലേക്ക് അടിച്ചുകയറുന്നതായി കണ്ടെത്തി. ഇത് വീടുകൾക്ക് നാശമുണ്ടാക്കുന്നതിന് പുറമെ മണ്ണൊലിപ്പിനും കാരണമാകുന്നു. തെറ്റായ പാരിസ്ഥിതിക ആഘാത വിലയിരുത്തലുകളെതുടർന്ന് തുറമുഖത്തിന്റെ തെക്ക് ഭാഗത്തുള്ള തുറകളിൽ കരവയ്പ് (മണ്ണടിയൽ) ഉണ്ടായി.
ഡോ. കെ.വി. തോമസ്, പ്രൊബീർ ബാനർജി, സരിത ഫെർണാണ്ടസ്, ഡോ. ജോൺ കുര്യൻ, ഡോ. ടെറി മച്ചാഡോ, ഡോ. കെ.ജി. താര, ഡോ. ജോൺസൺ ജാമന്റ് എന്നിവരടങ്ങുന്ന സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്.
വല്ലാർപാടം, കൊളംബോ തുടങ്ങിയ ട്രാൻസ്ഷിപ്പ്മെൻറ് തുറമുഖങ്ങൾ നിലവിലെ ശേഷി വേണ്ടത്ര വിനിയോഗിക്കാനാകാതെ സാമ്പത്തിക വെല്ലുവിളികൾ നേരിടുമ്പോഴാണ് അദാനി പോർട്ട് പെരുപ്പിച്ച പ്രതീക്ഷകൾ പ്രചരിപ്പിക്കുന്നതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ബീച്ചുകൾ പുനർനിർമിക്കേണ്ടതിന്റെ ബാധ്യത പദ്ധതി നടത്തിപ്പുകാർ വഹിക്കണമെന്ന വ്യവസ്ഥ നിയമപരമാക്കണമെന്ന് റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.