ഇടുക്കി എൻജിനീയറിങ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്‍റെ മരണം സി.പി.എം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ കലാപശ്രമത്തിന്‍റെ രക്തസാക്ഷിയാണ് ധീരജ്. അവർ ആഘോഷിക്കുകയാണിത്. ധീരജിന്‍റെ മരണത്തിൽ അവർക്ക് തെല്ലും ദു:ഖമില്ല. തിരുവാതിര നടത്തി ആഹ്ലാദിക്കുകയാണ് സി.പി.എം ചെയ്യുന്നതെന്നും സുധാകരൻ പറഞ്ഞു.
ധീരജിന്‍റെ മരണം നടന്ന ഉടനെ രക്തസാക്ഷി മണ്ഡപമുണ്ടാക്കാൻ വിലകൊടുത്ത് സ്ഥലം വാങ്ങുകയായിരുന്നു സി.പി.എം ചെയ്തത്. ദു:ഖിച്ചിരിക്കുന്ന സമയത്ത് ആരാണ് സ്ഥലം വാങ്ങുന്നത് ആലോചിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
ധീരജിന്‍റെ മൃതദേഹം കൊണ്ടു പോകുന്ന വഴിയിലൊക്കെയും സി.പി.എം അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രതിഷേധത്തിന്‍റെ മറവിൽ വ്യാപക അക്രമമാണ് ഡി.വൈ.എഫ്.ഐ നടത്തുന്നത്. ഇടുക്കിയിലെന്താണ് നടന്നത് എന്ന വസ്തുത പറഞ്ഞ എസ്.പിയെ എം.എം.മണി ഭീഷണിപ്പെടുത്തുകയാണ്. ദിവസങ്ങളായി ഇടുക്കി എൻജിനീയറിങ് കോളജിൽ നടക്കുന്ന അക്രമങ്ങളിൽ നിരവധി കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.
കലാലയങ്ങളിൽ കെ.എസ്.യു പ്രവർത്തകർ മർദ്ദനത്തിന് ഇരയാകുകയാണ്. കോൺഗ്രസ് കെട്ടിടങ്ങളും ഒാഫീസുകളും വ്യാപകമായി ആക്രമിക്കുന്നു. പൊലീസ് ഇതിൽ യാതൊരു നടപടിയെടുക്കുന്നില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.