തിരുവനന്തപുരം: പുനഃസംഘടന മറയാക്കി സംസ്ഥാന കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മില്‍ വെള്ളിയാഴ്ച ചര്‍ച്ച നടത്തും. മാസങ്ങളോളം നീണ്ട കൂടിയാലോചനകൾക്കും ചർച്ചകൾക്കും ഒടുവിൽ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഹൈകമാൻഡ് ഇടപെട്ട് പട്ടിക മരവിപ്പിച്ചതോടെ പാർട്ടിയിൽ ഉടലെടുത്ത പ്രതിസന്ധിയെ തുടർന്നാണ് സമവായ നീക്കം. ചൊവ്വാഴ്ച രാത്രി സുധാകരനെ ടെലിഫോണിൽ വിളിച്ച സതീശൻ, വെള്ളിയാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലെ യു.ഡി.എഫ് സമരത്തിനുശേഷം കാണാമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവിന്‍റെ നിർദേശങ്ങൾകൂടി കണക്കിലെടുത്ത് കെ.പി.സി.സി തയാറാക്കിയ അന്തിമ കരട്പട്ടികയിൽ നേരിയ മാറ്റങ്ങൾവരുത്തി ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള സാധ്യതയാണ് തേടുന്നത്. കൂടിക്കാഴ്ചയിൽ മഞ്ഞുരുക്കം ഉണ്ടായാൽ ദിവസങ്ങൾക്കുള്ളിൽ ഭാരവാഹി പ്രഖ്യാപനം നടക്കും.
ക്രിമിനിൽ കേസുകളിൽ ഉൾപ്പെട്ട് കളങ്കിതരായവരെയും മോശം പ്രതിച്ഛായയുള്ളവരെയും കരട് പട്ടികയിൽനിന്ന് ഒഴിവാക്കി അന്തിമപട്ടിക തയാറാക്കണമെന്നാണ് സതീശൻ ക്യാമ്പിന്‍റെ മുഖ്യ ആവശ്യം. അത്തരക്കാർ ആരെന്ന് ചൂണ്ടിക്കാട്ടിയാൽ ഒഴിവാക്കുന്നതിന് തടസ്സമില്ലെന്ന നിലപാടിലാണ് കെ. സുധാകരൻ. എന്നാൽ, ഏതെങ്കിലും ഒരാളുടെയോ വിഭാഗത്തിന്‍റെയോ ഇഷ്ടക്കാരെ കൂടുതലായി ഉൾപ്പെടുത്തുന്നതിന് അർഹതയുള്ള ആരെയെങ്കിലും മാറ്റിനിർത്തുന്നതിനോട് അദ്ദേഹം യോജിക്കുന്നുമില്ല. ഇന്ന് നടത്തുന്ന ചർച്ചയിൽ നിലപാടുകളിൽ വിട്ടുവീഴ്ചക്ക് ഇരുവരും തയാറായാൽ പ്രശ്നം പരിഹരിക്കപ്പെടും.
മറിച്ച് നേരിയ വിട്ടുവീഴ്ചക്കുപോലും തയാറല്ലെന്ന നിലപാടിലേക്ക് നീങ്ങിയാൽ ഭാരവാഹി പ്രഖ്യാപനം ത്രിശങ്കുവിലാകുമെന്ന് മാത്രമല്ല ഗുരുതര പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ കോൺഗ്രസ് നീങ്ങുകയും ചെയ്യും.
ഏറെക്കാലത്തെ അധ്വാനത്തിനുശേഷമാണ് ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്‍റുമാരുടെയും അന്തിമ കരടുപട്ടികക്ക് കെ.പി.സി.സി രൂപം നൽകിയത്. പ്രഖ്യാപനത്തിന് മുമ്പ് ഈ പട്ടികയെ സംബന്ധിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍റെ അഭിപ്രായം തേടിയതിന് പിന്നാലെയാണ് ഹൈകമാൻഡിന്‍റെ ഇടപെടൽ ഉണ്ടായത്. ഇതിന്‍റെ ചുവടുപിടിച്ച് സതീശൻ - സുധാകരൻ കൂട്ടുകെട്ടിൽ വിള്ളൽ വീഴുകയും പാർട്ടിയിൽ പുതിയ ഗ്രൂപ് ധ്രുവീകരണ സാഹചര്യം രൂപപ്പെടുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.