പ്രമുഖ കവയിത്രി സുഗതകുമാരി അന്തരിച്ചു

തിരുവനന്തപുരം: മലയാളത്തിലെ പ്രശസ്ത കവയിത്രിയും സാമൂഹിക-പാരിസ്ഥിതിക പ്രവർത്തകയുമായ സുഗതകുമാരി ടീച്ചർ അന്തരിച്ചു. 86 വയസ്സായിരുന്നു. കോവിഡ് ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്ന്​ രാവിലെ 10.52ഓടെയായിരുന്നു അന്ത്യം. തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ച സുഗതകുമാരിയ്ക്ക് ആശുപത്രിയിലെത്തുമ്പോൾ ബ്രോങ്കോ ന്യുമോണിയയെ തുടർന്നുള്ള ശ്വാസതടസ്സം ഉണ്ടായിരുന്നു. ഹൃദയത്തിന്‍റെ പ്രവർത്തനത്തിനും തകരാർ സംഭവിച്ചിരുന്നു.

സംസ്‌കാരം വൈകിട്ട് നാലു മണിക്ക് ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിൽ നടക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചാവും സംസ്‌കാരം നടത്തുക. ഉച്ചയ്ക്ക് ഒരു മണി മുതൽ അയ്യൻകാളി ഹാളിൽ ടീച്ചറുടെ ഛായാചിത്രത്തിന് മുന്നിൽ പൊതുജനങ്ങൾക്ക് പുഷ്പാഞ്ജലി അർപ്പിക്കാം. ടീച്ചറുടെ കുടുംബാംഗങ്ങൾ അയ്യൻകാളി ഹാളിലുണ്ടാവും.

കേരളത്തിന്‍റെ സാഹിത്യ, സാമൂഹിക, സാംസ്​കാരിക രംഗത്ത്​ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള സുഗതകുമാരി 1934 ജനുവരി 22ന്‌ തിരുവനന്തപുരത്താണ്​ ജനിച്ചത്​. സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ ആണ്​ പിതാവ്​. മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടി. സൈലൻറ്​ വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വഹിച്ച പങ്ക്​ വളരെ വലുതാണ്​. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിവ നടത്തിയിരുന്നു.

തിരുവനന്തപുരം ജവഹർ ബാലഭവ​െൻറ പ്രിൻസിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന 'തളിര്' എന്ന മാസികയുടെ ചീഫ് എഡിറ്റർ, പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി എന്നീ സ്​ഥാനങ്ങൾ വഹിച്ചു. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അശ്രാന്തം പരിശ്രമിച്ചു.

സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009ൽ അർഹയായി. 2006ൽ രാഷ്​​്ട്രം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായിരുന്ന ഹൃദയകുമാരി സഹോദരിയാണ്.

മുത്തുച്ചിപ്പി (1961),പാതിരാപ്പൂക്കൾ (1967),പാവം മാനവഹൃദയം (1968),ഇരുൾ ചിറകുകൾ (1969),രാത്രിമഴ (1977),അമ്പലമണി (1981),കുറിഞ്ഞിപ്പൂക്കൾ (1987),തുലാവർഷപ്പച്ച (1990),രാധയെവിടെ (1995), കൃഷ്ണകവിതകൾ എന്നിവയാണ്​ പ്രധാനകൃതികൾ.

പുരസ്​കാരങ്ങൾ: കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, സാഹിത്യ പ്രവർത്തക അവാർഡ്, ആശാൻ പ്രൈസ്, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരം, ആശാൻ സ്മാരക സമിതി (മദ്രാസ്) അവാർഡ്, വിശ്വദീപം അവാർഡ്, അബുദാബി മലയാളി സമാജം അവാർഡ്, ജന്മാഷ്ടമി പുരസ്കാരം, എഴുകോൺ ശിവശങ്കരൻ സാഹിത്യ അവാർഡ്, ലളിതാംബിക അന്തർജ്ജനം അവാർഡ്, വള്ളത്തോൾ അവാർഡ്(2003), കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്(2004),ബാലാമണിയമ്മ അവാർഡ്(2004),പത്മശ്രീ പുരസ്കാരം(2006),പ്രകൃതിസംരക്ഷണ യത്നങ്ങൾക്കുള്ള ഇന്ത്യാഗവണ്മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്,സാമൂഹിക സേവനത്തിനുള്ള ജെംസെർവ് അവാർഡ്,എഴുത്തച്ഛൻ പുരസ്കാരം(2009 ),സരസ്വതി സമ്മാൻ(2012).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.