പീരുമേട് (ഇടുക്കി): തോട്ടം ഉടമ കൈവശപ്പെടുത്തിയ ഭൂമി വീണ്ടെടുത്തു നൽകുന്നില്ലെങ്കിൽ തഹസിൽദാറുടെ ഒാഫിസിനുമുന്നിൽ ആത്മഹത്യ െചയ്യുമെന്ന് ഭീഷണിമുഴക്കിയ വയോധികക്ക് കലക്ടറുടെ ഇടപെടലിൽ പ്രശ്ന പരിഹാരം. സർവേയിലൂടെ അതിർത്തി പുനർനിർണയിക്കാനും ഭൂമി വീണ്ടെടുക്കാനുമാണ് നടപടിയായത്. ചൊവ്വാഴ്ച ഭൂമി അളന്നുതിരിക്കും. വൃക്കരോഗത്തെത്ത്ടർന്ന് കിടപ്പിലായ പരാതിക്കാരി പീരുമേട് വെടിക്കുഴി സ്രാമ്പി വെടിക്കുഴി പുത്തൻവീട്ടിൽ സരോജനിയെ വീട്ടിലെത്തി റവന്യൂ ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചു.
വർഷങ്ങളായ ആവശ്യത്തിൽ കലക്ടർ നിർദേശം നൽകി ആറു മാസത്തിന് ശേഷവും നടപടിയില്ലാതെ വന്നപ്പോഴാണ് തഹസിൽദാറുടെ ഒാഫിസിനുമുന്നിൽ ആത്മഹത്യ െചയ്യുമെന്ന് ഇടുക്കി ജില്ല കലക്ടർക്ക് സരോജനി കത്തുനൽകിയത്. എന്നിട്ടും നടപടിയില്ലാതിരിക്കെ ഇവരുടെ ദുരിതം ‘മാധ്യമം’പുറത്തുകൊണ്ടുവരുകയായിരുന്നു. വൃക്കരോഗവും കടുത്ത പ്രമേഹവും മൂലം കിടപ്പിലായ സരോജനിയുടെ ( 72 ) അവസ്ഥ വാർത്തയായതോടെ കലക്ടർ അടിയന്തര റിപ്പോർട്ടിന് തഹസിൽദാറെ ചുമതലപ്പെടുത്തി. തുടർന്നാണ് ദിവസങ്ങൾക്കുള്ളിൽ പരിഹാരമുണ്ടായത്.
കരം അടച്ചുവരുന്നതും സ്വന്തം പേരിലുള്ളതുമായ രണ്ടേക്കർ പട്ടയഭൂമിയിൽനിന്ന് ഒന്നര ഏക്കറോളവും കൂടാതെ കൈവശഭൂമിയും ഗുണ്ടകളെ ഉപയോഗിച്ച് ബലമായി ൈകയേറിയെന്നാണ് വയോധികയുടെ പരാതി. പീരുമേട് താലൂക്കിൽ ഇതേ വില്ലേജിൽ സർവേ നമ്പർ 841ൽ വരുന്ന 1978ൽ പട്ടയം ലഭിച്ച ഭൂമിയാണ് തോട്ടം ഉടമ കൈവശപ്പെടുത്തിയത്. ഇനിയൊരു പരാതിക്ക് ഇടനൽകാതെ വിഷയം പരിഹരിക്കണമെന്ന കുറിപ്പോടെ ഭൂമി അളന്നുതിരിക്കാൻ കലക്ടർ അഡീഷനൽ തഹസിൽദാർക്ക് കഴിഞ്ഞ ജനുവരിയിൽ നൽകിയ നിർദേശമാണ് നടപ്പാകാതിരുന്നത്.
ഭൂമി അളന്നുതിരിക്കാൻ സർവേ ചാർജായി പീരുമേട് ട്രഷറിയിൽ 975 രൂപ ചെലാനും അടച്ച് ഫെബ്രുവരി ആറുമുതൽ അളവ് ഉദ്യോഗസ്ഥർക്കുപിന്നാലെ നടക്കുകയായിരുന്നു വയോധിക. എന്നാൽ, ബാക്കി സ്ഥലംകൂടി തോട്ടം ഉടമക്ക് വിട്ടുകൊടുക്കാൻ നിർബന്ധിക്കുകയായിരുന്നു ഉദ്യോഗസ്ഥരെന്ന് വയോധിക ‘മാധ്യമ’ത്തോട് വെളിപ്പെടുത്തി. തുടർന്നാണ് ജീവനൊടുക്കുമെന്ന് കലക്ടറെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.