കൽപറ്റ: സുൽത്താൻ ബത്തേരി കോഴ വിവാദവുമായി ബന്ധപ്പെട്ട് ബി.ജെ.പി വയനാട് ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി. രാവിലെ എട്ടിന് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകുന്നേരം 3.15ഓടു കൂടിയാണ് അവസാനിച്ചത്.
കോഴ വിവാദം കെട്ടിച്ചമച്ച കഥയാണെന്ന് പ്രശാന്ത് മലവയൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. അതിന്‍റെ ഭാഗമായി കെട്ടിച്ചമച്ച കഥയുടെ പിന്നാമ്പുറം മാത്രമാണ് ഇപ്പോൾ കാണിക്കുന്ന നാടകങ്ങൾ. ബാക്കിയെല്ലാം ഒരു തിരക്കഥയുടേയും ഗൂഢാലോചനയുടെയും ഭാഗമായി പുറത്തു വരുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രസീത അഴീക്കോടിന്‍റെ മൊഴിയിൽ പ്രശാന്ത് മലവയലിന്‍റെ പേര് പരാമർശിച്ചിരുന്നു. സി.കെ. ജാനുവിന് സുൽത്താൻ ബത്തേരി മണ്ഡലത്തിൽ സ്ഥാനാർഥിയാകുന്നതിന് ബി.ജെ.പി നൽകിയ 25 ലക്ഷം രൂപ പ്രശാന്ത് മലവയൽ വഴിയാണ് നൽകിയതെന്നും കാസർകോട് നിന്ന് പണം ഇന്നോവയിൽ എത്തിച്ചത് പ്രശാന്ത് ആയിരുന്നു എന്നുമായിരുന്നു മൊഴിയിൽ പറഞ്ഞത്.
പ്രശാന്ത് മലവയലിന്‍റെ സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേടുണ്ടെന്ന ആരോപണം പാർട്ടിക്കുള്ളിൽ തന്നെ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.