പാലക്കാട്: ചൂടാണ് സർവത്ര, ചെറുമഴകൾ അങ്ങിങ്ങായി ലഭിച്ചിട്ടും ഉഷ്ണതരംഗമുന്നറിയിപ്പ് പിൻവലിച്ചിട്ടും ജില്ലയിലെ ആധി ഒഴിയുന്നില്ല. കൃഷിമുതൽ വ്യവസായവും വിനോദസഞ്ചാരവും വരെ ഉഷ്ണത്തിൽ വാടിയ ജില്ലയുടെ പ്രതീക്ഷകൾ നിരവധിയാണ്. ഒരുപക്ഷേ ഇനി തളിർക്കാനെത്രയോ നാൾ വേണ്ടിവന്നേക്കുന്ന പ്രതീക്ഷയുടെ നാമ്പുകൾ. ഉത്സവ-അവധിക്കാല സീസണിൽ വിനോദസഞ്ചാര മേഖലയിൽ ജില്ലയുടെ പ്രതീക്ഷകൾ ആവിയാവുന്നതാണ് കണ്ടത്. മിക്ക വിനോദസഞ്ചാ കേന്ദ്രങ്ങളിലും സന്ദർശകരുടെ എണ്ണം നാമമാത്രമായി.
ഡി.ടി.പി.സിയുടെ വരുമാനം കുത്തനെ ഇടിഞ്ഞത് മാത്രമല്ല പ്രാദേശിക തലത്തിൽ വിനോദസഞ്ചാരത്തെ ആശ്രയിക്കുന്ന നിരവധി കുടുംബങ്ങൾക്കും ഇത് വെല്ലുവിളിയായി. കുട്ടികളടക്കം കുടുംബാംഗങ്ങൾക്കെല്ലാം സമയം ചെലവഴിക്കാൻ സൗകര്യമൊരുക്കുന്നതുകൊണ്ട് തന്നെ അണക്കെട്ടുകളോട് ചേർന്ന് ഒരുക്കിയ ഉദ്യാനങ്ങളിൽ വേനലവധിക്കാലത്ത് നല്ല തിരക്കാണുണ്ടാവാറുള്ളത്. അവിടെയും ഇക്കുറി പ്രതീക്ഷകൾ മങ്ങി.
ശനി, ഞായർ ദിവസങ്ങളിൽ 2,000ത്തിന് മുകളിൽ വാഹനങ്ങളായിരുന്നു നെല്ലിയാമ്പതിയിലേക്ക് എത്തിയിരുന്നതെന്ന് അധികൃതർ പറയുന്നു. ഈ വർഷം വാരാന്ത്യങ്ങളിലൊഴികെ നൂറിൽത്താഴെ വാഹനങ്ങൾ മാത്രമാണ് വിനോദസഞ്ചാരികളുമായി എത്തുന്നതെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. കഴിഞ്ഞവർഷം ഈ സമയത്ത് വനംവകുപ്പിന്റെ പോത്തുണ്ടി ചെക്ക് പോസ്റ്റുവഴി പ്രതിദിനം ശരാശരി 1,500 വാഹനങ്ങളിലായി 3,500ലധികം പേരാണ് എത്തിയിരുന്നത്.
ഏപ്രിൽ 28 ഞായറാഴ്ച 620 ആളുകൾ മാത്രമാണ് നെല്ലിയാമ്പതിയിലേക്ക് എത്തിയതെന്ന് വനംവകുപ്പിന്റെ പോത്തുണ്ടി ചെക്പോസ്റ്റിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നു. മേയ് അഞ്ചിന് ആകെ 530 പേരാണ് സന്ദർശകരായി എത്തിയത്. ഊട്ടിക്ക് സമാനമായി തണുപ്പുണ്ടായിരുന്ന നെല്ലിയാമ്പതിയിൽ ഇപ്പോൾ ഫാനില്ലാതെ മുറിക്കുള്ളിൽ കഴിയാൻ പറ്റാത്ത സ്ഥിതിയായെന്ന് പ്രദേശവാസികൾ പറയുന്നു. 32-35 ഡിഗ്രി സെൽഷ്യസ് വരെ ചൂടെത്തിയ ദിവസങ്ങളും ഉണ്ടായി. രാത്രി താപനിലയിലും ഏതാനും വർഷങ്ങളായി വർധനവുണ്ടായിട്ടുണ്ട്. കൂടുതൽ തണുപ്പുള്ള നവംബർ, ഡിസംബർ മാസങ്ങളിൽ സാധാരണ 10-12 ഡിഗ്രി സെൽഷ്യസായിരുന്നത് ഇത്തവണ 14-16 ഡിഗ്രി ആയി. നിലവിൽ നെല്ലിയാമ്പതിയിലെ രാത്രി താപനില 20 ഡിഗ്രിയോളമാണെന്ന് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ കാണിക്കുന്നു.
ചൂടുകൂടിയതോടെ കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ വരുമാനത്തിലും ഇക്കുറി ഇടിവുണ്ടായി. കഴിഞ്ഞവർഷം ഏപ്രിലിൽ 37,000 പേർ സന്ദർശിക്കുകയും 10.59 ലക്ഷം വരുമാനം ലഭിക്കയും ചെയ്തിരുന്നിടത്ത് ഈ ഏപ്രിലിൽ 30,770 സന്ദർശകരാണ് എത്തിയത്. 8.72 ലക്ഷമായി വരുമാനം കുറഞ്ഞു.
വേനലവധിക്കാലത്ത് സന്ദർശകത്തിരക്കും ഉത്സവസമാനമായ അന്തരീക്ഷവുമാണ് ജീവനക്കാരുടെയും നാട്ടുകാരുടെയും ഓർമകൾ. ഇത്തവണ ഏപ്രിലിൽ 4,528 ആളുകളാണ് എത്തിയത്.
കഴിഞ്ഞവർഷം 5,991 സന്ദർശകർ എത്തിയിടത്താണിത്. രാവിലെ 11 മുതൽ ഉച്ചക്ക് മൂന്നുവരെ അണക്കെട്ടിന് മുകളിലേക്ക് സന്ദർശകർക്ക് വിലക്കുണ്ട്. ഉദ്യാനത്തിൽ മാത്രമാണ് പ്രവേശനം. ഇതുകൊണ്ടുതന്നെ വൈകുന്നേരങ്ങളിലാണ് നിലവിൽ സന്ദർശകരെത്തുന്നതെന്ന് ജീവനക്കാർ പറയുന്നു. ഈ വരുമാനം ഉദ്യാന പരിപാലനം, അറ്റകുറ്റപ്പണികൾ എന്നിവക്കെല്ലാം വിനിയോഗിക്കാറാണ് പതിവ്. വരുമാനത്തിലുണ്ടായ ഇടിവ് പ്രവർത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.