തലശ്ശേരി: നടൻ ദിലീപിനെതിരെ ചലച്ചിത്ര നിർമാതാവ് ലിബർട്ടി ബഷീർ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസ് തലശ്ശേരി കോടതി ഫയലിൽ സ്വീകരിച്ചു. സംഭവത്തിൽ വിശദീകരണം നൽകാൻ നവംബർ ഏഴിന് തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ദിലീപ് ഹാജരാവണം. മജിസ്ട്രേറ്റ് ജഗദീഷ് നാരായണൻ ദിലീപിന് സമൻസയച്ചു.
നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപ് ഹൈകോടതിയിൽ ജാമ്യത്തിനായി സമീപിച്ച സന്ദർഭത്തിൽ ലിബർട്ടി ബഷീറിനെതിരെ ഗൂഢാലോചന ആരോപിച്ചിരുന്നു. ഇതിനെതിരെ അന്നുതന്നെ ബഷീർ തലശ്ശേരി കോടതിയിൽ മാനനഷ്ടക്കേസ് നൽകിയിരുന്നെങ്കിലും തെളിവില്ലെന്നതിനാൽ കോടതി പരിഗണിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം ദിലീപിന്റേതായി പ്രചരിച്ച വാട്സ്ആപ് ഗ്രൂപ്പിൽ ലിബർട്ടി ബഷീർ, മഞ്ജു വാര്യർ, ഡി.ജി.പി സന്ധ്യ, നികേഷ്, വേണു എന്നിവർ ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് പ്രശ്നങ്ങൾക്ക് പിന്നിലെന്ന് വരുത്തിത്തീർക്കാൻ ഗൂഢനീക്കമുണ്ടായി. ഇവരറിയാതെയായിരുന്നു ഇവരുടെ പേരിൽ വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കിയത്. ഇത് ഈയിടെ ബഷീറിന് ലഭിച്ചു.
അഡ്വ. വി.ആർ. നാസർ മുഖേന പ്രസ്തുത തെളിവ് തലശ്ശേരി കോടതിയിൽ ഹാജരാക്കിയതോടെയാണ് നാലുവർഷംമുമ്പ് നിരസിച്ച അന്യായം കോടതി ഫയലിൽ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.