തിരുവനന്തപുരം: ഇലന്തൂരിലെ ഇരട്ട നരബലി സംഭവത്തിൽ പ്രതികളാരാണെന്നത് പ്രശ്നമേയല്ലെന്നും കർശന നിലപാടാണ് സ്വീകരിക്കേണ്ടതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രതികളിലൊരാൾ പാർട്ടി അംഗമാണെങ്കിൽ അത് പരിശോധിക്കും. പാർട്ടി അംഗമായതുകൊണ്ട് ഒരാനുകൂല്യവും കിട്ടില്ല. ഇത്തരം സംഭവങ്ങളൊന്നും വെച്ചുപൊറുപ്പിക്കാനാകില്ലെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
അന്ധവിശ്വാസമടക്കമുള്ള കാര്യങ്ങൾ ബിൽ പാസാക്കുന്നതുകൊണ്ടു മാത്രം അവസാനിക്കുന്നതല്ല. പ്രധാനമന്ത്രിയടക്കം പൂജ നടത്തുന്ന സാഹചര്യമാണുള്ളത്. ശാസ്ത്ര വിരുദ്ധമായ നിലപാടിലേക്ക് രാജ്യം നീങ്ങുമ്പോൾ ജീർണമായ ഫ്യൂഡൽ സംസ്കാരത്തിന്‍റെ ഭാഗമായ കാര്യങ്ങൾ അതേ പോലെയോ അതിനെക്കാൾ ശക്തമായ നിലയിലോ പ്രവർത്തിക്കും.
എങ്ങനെയും പണം സമ്പാദിക്കുക എന്നതും ഐശ്വര്യ പൂർണമായ ജീവിതത്തിലേക്കെത്തുക എന്നതും രണ്ട് കാര്യങ്ങളാണ്. ഒന്നാമത്തേത് മുതലാളിത്തത്തിന്‍റെയും മറ്റേത് ഫ്യൂഡൽ ജീർണതയുടെയും ഭാഗമാണ്. ഈ രണ്ടും ചേർന്ന സങ്കരരൂപമാണ് രാജ്യമാകെ കാണുന്നത്. ഇവയെ ശക്തിയായി നേരിടുകയല്ലാതെ മറ്റ് മാർഗമില്ല. ഒപ്പം ഇത്തരം കാര്യങ്ങൾക്കെതിരെ നിയമനിർമാണവും വേണം. എന്നാൽ, നിയമനിർമാണം നടത്തിയതുകൊണ്ടുമാത്രം ഈ ആശയത്തെ നശിപ്പിക്കാനാകുമെന്ന ധാരണ വേണ്ടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.