പാലക്കാട്: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സപ്ലൈകോയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥകൾ അട്ടിമറിക്കുന്നു. നേരിട്ട് നിയമനം ലഭിച്ച 1500 ഓളം ജീവനക്കാരും, ഡെപ്യൂട്ടേഷനിലെത്തിയ 1300 ഓളം ജീവനക്കാരുമാണ് സപ്ലൈകോയിലുള്ളത്. മാതൃവകുപ്പായ പൊതുവിതരണ വകുപ്പിൽ നിന്നാണ് ഡെപ്യൂട്ടേഷനിൽ എത്തുന്നത്. അഞ്ച് വർഷം സപ്ലൈകോയിൽ പൂർത്തിയാക്കിയാൽ പൊതുവിതരണ വകുപ്പിലേക്ക് തിരികെ പോകണം. എന്നാൽ, രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് പത്ത് വർഷത്തോളം ജോലി ചെയ്യുന്നവർ സപ്ലൈകോയിലുണ്ട്. പൊതുവിതരണ വകുപ്പിൽ തിരികെയെത്തി ഏതാനും മാസം ജോലിചെയ്ത ശേഷം വീണ്ടും സപ്ലൈകോയിലേക്ക് പോകുന്നവരും ഏറെയാണ്.
സപ്ലൈകോയിലെ സ്ഥാനക്കയറ്റവും സാമ്പത്തിക വരുമാനവുമാണ് ഇതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. സപ്ലൈകോ കൊച്ചി കേന്ദ്ര കാര്യാലയത്തിൽ മാത്രം 13 ഹെഡ് ക്ലർക്കും, ഒരു യു.ഡി ക്ലർക്കും, പാലക്കാട്ട് ഒരു ഹെഡ് ക്ലർക്കും, രണ്ട് യു.ഡി ക്ലർക്കും ഒരു എൽ.ഡി ക്ലർക്കും കാലാവധി പൂർത്തിയാക്കിട്ടും പൊതുവിതരണ വകുപ്പിലേക്ക് പോകാതെ സപ്ലൈകോയിൽ തുടരുന്നതായി ആക്ഷേപമുണ്ട്. സംസ്ഥാനത്ത് മുപ്പതോളം തസ്തികകൾ കാലാവധി തീർന്നിട്ടും വകുപ്പിലേക്ക് തിരിച്ചയക്കാതെ സപ്ലൈകോയിൽ തുടരുകയാണ്.
2019 മുതൽ സപ്ലൈകോയിൽ പത്ത് ശതമാനം വീതം സീനിയർ അസിസ്റ്റൻറ്, ജൂനിയർ അസിസ്റ്റൻറ് തസ്തികയിലേക്കുള്ള ഡെപ്യൂട്ടേഷൻ കുറയ്ക്കണമെന്ന സർക്കാർ ഉത്തരവുണ്ടങ്കിലും പാലിക്കാറില്ല. ഓരോ വർഷവും മൊത്തം ജീവനക്കാരിൽ 23 ശതമാനമാണ് ഇത്തരത്തിൽ പരസ്പരം മാറുന്നത്. ഈ മാറ്റം കാരണം അവധി, യാത്രാദിവസം ഉൾപ്പെടെ 14 ദിവസത്തോളം പ്രവൃത്തിദിനങ്ങൾ കുറവ് വരുന്നു. വേതന -യാത്രബത്ത ഇനത്തിൽ അധിക ചെലവുകളുമുണ്ടാവുന്നുണ്ട്. മാത്രമല്ല, പൊതുവിതരണ വകുപ്പിൽ പുതുതായെത്തുന്ന ജീവനക്കാരെ ബന്ധപ്പെട്ട ജോലികൾ പഠിച്ചുവരുന്നതിന് മുമ്പുതന്നെ സപ്ലൈകോയിലേക്ക് മാറ്റി നിയമിക്കുകയാണ്. മാത്രമല്ല, സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും, സപ്ലൈകോയിലെ ജീവനക്കാരുടെ അർഹമായ സ്ഥാനക്കയറ്റത്തിനും ഡെപ്യൂട്ടേഷൻ സമ്പ്രദായം തടസ്സമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.