ന്യൂഡല്‍ഹി: സര്‍ക്കാറുമായി കരാറുണ്ടാക്കാത്ത സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എം.ബി.ബി.എസ് പ്രവേശനത്തിന് 11 ലക്ഷം രൂപ വരെ ഫീസ് ഈടാക്കാന്‍ സുപ്രീംകോടതി താൽക്കാലിക അനുമതി നല്കി. ഇതുമായി ബന്ധപ്പെട്ട കേസിൽ ഹൈകോടതിയുടെ അന്തിമവിധി വരുന്നതുവരെ മാത്രമേ ഇൗ ഉത്തരവ് നിലനില്‍ക്കൂവെന്ന് ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, നാഗേശ്വര്‍ റാവു എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. പ്രവേശനം നടത്തിയ ശേഷം പിന്നീട് ഉയര്‍ന്ന ഫീസ് ഈടാക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വാദം അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.
ഫീസ് നിര്‍ണയം, സര്‍ക്കാറുണ്ടാക്കിയ കരാര്‍ എന്നിവയിലെ അന്തിമവാദം ഹൈകോടതിയില്‍ 21ന് നടക്കാനിരിക്കെയാണ് കേരള സർക്കാറിന് തിരിച്ചടിയായ ഉത്തരവ്. മൂന്ന് മാസത്തിനകം അന്തിമവിധി പുറപ്പെടുവിക്കാന്‍ ഹൈകോടതിക്ക് നിർദേശം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാറിെൻറ വാദവും ബെഞ്ച് അംഗീകരിച്ചില്ല.
അധികമായി അടക്കേണ്ട ഫീസ് ബാങ്ക് ഗാരൻറിയായോ പ്രത്യേക അക്കൗണ്ടിലോ നല്‍കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 11 ലക്ഷം രൂപ ഫീസ് ഈടാക്കാനും അതിൽ അഞ്ച് ലക്ഷത്തില്‍ അധികമായി വരുന്ന ഫീസ് ബാങ്ക് ഗാരൻറിയായി നല്‍കാനും കോടതി ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ പണമായി നല്കുന്ന തുക കോളജുകള്‍ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കണം. ഹൈകോടതി വിധി അനുകൂലമായാൽ മാനേജ്മെൻറുകൾക്ക് എടുക്കാം. അതല്ലെങ്കിൽ തുക വിദ്യാര്‍ഥികള്‍ക്ക് മടക്കിനല്കണം.
മാനേജ്മെൻറിന് വേണ്ടി അഭിഭാഷകരായ ഹരീഷ് സാല്‍വെ, വി. ഗിരി, അഡ്വ. ഹാരിസ് ബീരാന്, അഡ്വ. ലിസ് മാത്യു എന്നിവരും സംസ്ഥാന സര്‍ക്കാറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിങ് കോൺസല്‍ ജി. പ്രകാശ് എന്നിവരും ഹാജരായി.
സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഫീസ് നിര്‍ണയ സമിതി തീരുമാനിച്ച അഞ്ച് ലക്ഷം രൂപ ഈടാക്കി പ്രവേശനവുമായി മുന്നോട്ടുപോകാമെന്നായിരുന്നു ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിനെതിരെ കോഴിക്കോട് കെ.എം.സി.ടി കോളജ്, പറവൂര്‍ എസ്.എന്‍. കോളജ്, സ്വാശ്രയ മാനേജ്മെൻറ് അസോസിയേഷന് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.