ന്യൂഡൽഹി: കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും സി.പി.എം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാർ ആവശ്യം സുപ്രീംകോടതി തള്ളി. അന്വേഷണ പുരോഗതി അറിയിക്കാൻ സി.ബി.ഐക്കും മറുപടി നൽകാൻ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും കോടതി നാലാഴ്ച സമയമനുവദിക്കുകയും ചെയ്തു.
ഇരട്ടക്കൊലപാതകം അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈകോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കർ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചിെൻറ ഉത്തരവ്.
കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് സംസ്ഥാന സർക്കാറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ് വാദിച്ചിരുന്നു. വിദേശത്തായിരുന്നവരടക്കം എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രാഷ്ട്രീയ സങ്കീർണതകൾ ഇല്ലെന്ന് ഹൈകോടതി തന്നെ നിരീക്ഷിച്ച കേസാണെന്നും കേരളം വാദിച്ചു.
ജോലിഭാരമുള്ളതിനാൽ ലോക്കൽ പൊലീസിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ തങ്ങൾക്ക് അയക്കരുതെന്ന് സി.ബി.ഐ തന്നെ പറയുന്നതാണെന്നും കേരളം ചുണ്ടിക്കാട്ടി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ സംബന്ധിച്ചും പ്രതിപട്ടികയിൽ വരേണ്ടവർ സാക്ഷികളായെന്നുമുള്ള പരാതികൾ പുനഃപരിശോധിക്കുന്നതിൽ അന്വേഷണസംഘത്തിന് തടസ്സമില്ലെന്നും അഭിഭാഷകൻ മനീന്ദർ സിങ് കോടതിയെ അറിയിച്ചു.
സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല. കൃപേഷിെൻറയും ശരതിെൻറയും കുടുംബങ്ങൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരി സർക്കാറിെൻറ ആവശ്യത്തെ എതിർത്തു. ഇതോടെ സി.ബി.ഐ മറുപടി വരട്ടെയെന്ന നിലപാടെടുത്താണ് ജസ്റ്റിസ് എൽ. നാഗേശ്വര റാവു കേസ് അടുത്തവാദം കേൾക്കലിനായി മാറ്റിയത്.
തടസ്സഹരജി നൽകിയ കൃപേഷിെൻറയും ശരത് ലാലിെൻറയും രക്ഷിതാക്കൾക്കും ഹരജിയിൽ നിലപാട് അറിയിക്കാൻ കോടതി നാലാഴ്ച സമയം അനുവദിച്ചു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.