കൊച്ചി: സുപ്രീം കോടതിയുടെ ദൂരപരിധി ഉത്തരവിെൻറ പശ്ചാത്തലത്തിൽ കേരളത്തിൽ 1,132 കള്ളുഷാപ്പുകൾ അടച്ചുപൂട്ടിയതായി ഉടമകൾ. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന കള്ളുഷാപ്പ് ലൈസൻസി അസോസിയേഷൻ നിർവാഹക സമിതി യോഗമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കള്ളുഷാപ്പുകളെ ആശ്രയിച്ച് കഴിയുന്ന പതിനായിരത്തോളം പേർ തൊഴിൽ രഹിതരായി. ഇനിയും പതിനയ്യായിരത്തോളം പേർക്ക് തൊഴിൽ നഷ്ടമാകും. പ്രതിസന്ധി നേരിടാൻ കള്ളിനെ മദ്യം എന്ന വിഭാഗത്തിൽനിന്ന് ഒഴിവാക്കി അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രതിസന്ധിക്ക് സർക്കാർതലത്തിൽ പരിഹാരമുണ്ടായില്ലെങ്കിൽ സംസ്ഥാനത്തെ 5,200 കള്ളുഷാപ്പുകളും അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ യോഗം തീരുമാനിച്ചു.
ഏപ്രിൽ ഒന്നു മുതൽ മൂന്ന് മാസത്തേക്ക് ലൈസൻസ് ഫീസ്, തൊഴിലാളി ക്ഷേമനിധി മുൻകൂർ വിഹിതം, വൃക്ഷകരം എന്നിങ്ങനെ വൻതുകയാണ് ലൈസൻസികൾ സർക്കാറിലേക്ക് അടച്ചത്. കോടതിവിധിയെത്തുടർന്ന് പാതയോരത്തെ മദ്യ വിൽപനയാണ് കോടതി വിലക്കിയത്. പ്രകൃതിദത്ത പാനീയമായ കള്ളിനെ ആ ഗണത്തിൽനിന്ന് ഒഴിവാക്കുകയാണ് വിധിയെ മറികടക്കാനുള്ള മാർഗം. ഇത് സംബന്ധിച്ച് അസോസിയേഷൻ നിയമോപദേശം തേടിയിട്ടുണ്ട്. ഉപദേശം ലഭ്യമായാൽ ഇക്കാര്യം ഉൾപ്പെടുത്തി സർക്കാറിന് നിർദേശം സമർപ്പിക്കും. അടുത്ത ദിവസംതന്നെ തൊഴിലാളി സംഘടനകളും കള്ളുഷാപ്പ് ലൈസൻസി അസോസിയേഷനും സംയുക്തമായി വകുപ്പ് മന്ത്രിയുമായി വിഷയം ചർച്ച ചെയ്യാനും യോഗം തീരുമാനിച്ചു.
അസോസിയേഷൻ രക്ഷാധികാരി ഡോ. സെബാസ്റ്റ്യൻ പോൾ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എ.ബി. ഉണ്ണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിത് ബാബു, ഉപദേഷ്ടാവ് കെ.റെജികുമാർ, ജോമി പോൾ, ക്ഷേമനിധി ബോർഡ് അംഗം ഷാജി, ജഗന്നിവാസൻ, പി.എൻ. സുധാകരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.