സർക്കാർ ജോലിക്ക് ഭാഗ്യമില്ല; ഒടുവിൽ ഭാഗ്യക്കുറി വിൽപനക്കാരനായി സുരേഷ്

വെള്ളിമാട്കുന്ന്: ചായ കുടിക്കാനും മരുന്നുവാങ്ങാനും സ്ഥിരമായി ആരെങ്കിലും പൈസ തരുമെന്ന് പ്രതീക്ഷിക്കുന്നത് മണ്ടത്തമല്ലേ? ഒരു മാസത്തിൽ മരുന്നിന് 1200 രൂപ വേണം. അതെല്ലാം ഞാൻ കണ്ടെത്തുന്നത് ഇതിൽനിന്നാണ്- പത്താം വയസ്സിൽ ഇരുകണ്ണുകളുടെയും കാഴ്ച നഷ്ടമായ വെള്ളിമാട്കുന്നിന് സമീപം ലോട്ടറി വിൽപന നടത്തുന്ന സുരേഷ് പറയുന്നു.

ഭാഗ്യം തൊട്ടടുത്തുവന്ന് മടങ്ങിപ്പോകുന്ന അനുഭവമാണ് സുരേഷിന്റെ ജീവിതം. ചരിത്രത്തിൽ ബിരുദമെടുത്ത സുരേഷിന് പി.എസ്.സി എഴുത്തുപരീക്ഷയിൽ ഒന്നാം റാങ്ക് നേടിയിട്ടും സർക്കാർ ജോലി ലഭിക്കാതെപോയത് അതിലൊന്നുമാത്രം. ബ്രെയിലിസ്റ്റ് ഒഴിവിൽ 1994ൽ പി.എസ്.സി ലിസ്റ്റിൽ മൂന്നാം റാങ്കുകാരനായി ഇടംപിടിച്ചെങ്കിലും താൽക്കാലിക നിയമനത്തിന് സ്ഥിരംപദവി നൽകിയതോടെ ഭാഗ്യം അതിനും കൂട്ടിനെത്തിയില്ല. 1995ൽ സാമൂഹികക്ഷേമ വകുപ്പിലേക്ക് 2000ത്തോളം പേരിൽനിന്ന് 35ാം റാങ്ക് നേടിയെങ്കിലും അതും പാഴായി.

ഭാഗ്യക്കേടിനെ ശപിക്കാനോ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാനോ തയാറാകാതെ 30 വർഷത്തോളമായി ലോട്ടറി വിൽപന നടത്തുകയാണ് 58കാരനായ ചാത്തമംഗലം തുഷാരത്തിൽ സുരേഷ്. ഭാര്യ നിർമലക്കും കാഴ്ചയില്ല. മകനും മകളും ഉൾപ്പെടുന്ന കുടുംബത്തിനുവേണ്ട വരുമാനം സുരേഷ് ലോട്ടറിവിൽപനയിലൂടെ കണ്ടെത്തുന്നു.

വിദ്യാഭ്യാസത്തിന്റെ ഗുണം തന്റെ ലോട്ടറിവിൽപനക്ക് സഹായമായതായും സമൂഹവുമായി ബന്ധപ്പെട്ടുനിൽക്കാൻ കഴിയുന്നതിനാൽ മനസ്സിന് ഏറെ സന്തോഷം ലഭിക്കുന്നതായും സുരേഷ് പറയുന്നു. പുതിയ തലമുറയിലെ കുട്ടികൾ മോശക്കാരല്ലെന്നും ജനങ്ങളെ സഹായിക്കാൻ അവർക്ക് ഏറെ മനസ്സുണ്ടെന്നും റോഡിലൂടെതന്നെ നടക്കാൻ സഹായിക്കുന്നതിന്റെ അനുഭവസാക്ഷ്യത്തിൽ സുരേഷ് പറയുന്നു. എത്രവൈകിയാലും തന്നെ സ്ഥിരമായി വീട്ടിലേക്ക് വാഹനത്തിൽ കൊണ്ടുപോകുന്നത് ഇറിഗേഷൻ വകുപ്പിലെ ജൂനിയർ സൂപ്രണ്ടാണെന്നാണ് ഇദ്ദേഹം പറയുന്നത്. തന്നെ സഹായിക്കാൻ കോളജ് വിദ്യാർഥികൾ സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ടെന്ന് പറയുമ്പോഴും പ്രായമായ ചിലർ തന്റെ വൈകല്യത്തെ ചൂഷണം ചെയ്യുന്നുണ്ടെന്നും സുരേഷ് പറയുന്നു.

Tags:    
News Summary - Suresh eventually became a lottery ticket seller

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.