സുരേഷ് ഗോപി ബി.ജെ.പി നേതാവോ പ്രവർത്തകനോ അല്ല; മുസ്‍ലിംകൾ നാടിന്‍റെ മജ്ജയും മാംസവും -സി.കെ. പത്മനാഭൻ

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനും സുരേഷ് ഗോപി എം.പിക്കും എതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് സി.കെ. പത്മനാഭൻ. സുരേഷ് ഗോപി ബി.ജെ.പി നേതാവോ പ്രവർത്തകനോ ആണെന്ന് പറയാൻ സാധിക്കില്ലെന്ന് സി.കെ. പത്മനാഭൻ പറഞ്ഞു. സുരേഷ് ഗോപിയുടെ പശ്ചാത്തലം അതാണെന്നും സിനിമ രംഗത്ത് നിന്നുവന്ന വ്യക്തിയാണെന്നും പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഇന്ദിരാ ഗാന്ധി ഭാരതത്തിന്‍റെ മാതാവാണെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അതെങ്ങനെ നമുക്ക് സ്വീകരിക്കാൻ സാധിക്കും. എന്നാൽ, അദ്ദേഹത്തെ കുറ്റപ്പെടുത്താനില്ല. സുരേഷ് ഗോപിക്ക് അങ്ങനെ മാത്രമേ പറയാൻ സാധിക്കൂ, ആ ഒരു ചരിത്രബോധമേ ഉള്ളൂ. സുരേഷ് ഗോപി എന്താണ് പറഞ്ഞു കൊണ്ട് നടക്കുന്നതെന്ന തരത്തിൽ നിരവധി പേരിൽ നിന്ന് തനിക്ക് മെസേജുകൾ ലഭിച്ചിട്ടുണ്ട്. ബി.ജെ.പിയിൽ എത്തിയത് കൊണ്ട് എ.പി. അബ്ദുല്ലക്കുട്ടിക്ക് വ്യക്തിപരമായ ഗുണമുണ്ടായെന്നും സി.കെ. പത്മനാഭൻ പറഞ്ഞു.

കോൺഗ്രസ് മുക്തഭാരതമെന്ന് ആലങ്കാരികമായി പറയാൻ സാധിക്കും. അല്ലാതെ, പ്രായോഗികമായി നടപ്പാക്കാൻ സാധിക്കില്ല. കോൺഗ്രസിന്‍റെ സംസ്കാരം ഒരു പാർട്ടിയിലേക്ക് വന്നാൽ കോൺഗ്രസ് മുക്തഭാരതം ഒരിക്കലും ഉണ്ടാക്കാൻ സാധിക്കില്ല. ചരിത്ര പാരമ്പര്യമുള്ള പ്രസ്ഥാനമാണ് കോൺഗ്രസ്. ഒരു പാർട്ടിയിൽ നിന്ന് മുക്തമായ ഭാരതം പാടില്ലായെന്ന് ആർ.എസ്.എസ് സർസംഘചാലക് തന്നെ അഭിപ്രായം പറഞ്ഞിട്ടുണ്ട്.

ബി.ജെ.പിയിലേക്ക് ആളുകൾ വരുന്നത് പാർട്ടിയുടെ അടിസ്ഥാന ആദർശത്തിന്‍റെ പ്രേരണ കൊണ്ടല്ല. നരേന്ദ്ര മോദി അധികാരത്തിൽ ഇരിക്കുന്നതിനാൽ അധികാര രാഷ്ട്രീയത്തിന്‍റെ അഭിനിവേശം കൊണ്ടാണ്. അത്തരത്തിൽ വരുന്നവർക്ക് ബി.ജെ.പിയുടെ അടിസ്ഥാന ആദർശങ്ങൾ സന്നിവേശിപ്പിച്ച ശേഷമാണ് പദവികൾ നൽകേണ്ടത്. അല്ലാതെവന്നാൽ തെറ്റായ സന്ദേശം നൽകും.

പാർട്ടിയെ വളർത്താനായി പ്രവർത്തിച്ച ആയിരക്കണക്കിന് പ്രവർത്തകരുണ്ട്. എപ്പോഴും വെള്ളംകോരികളും വിറകുവെട്ടികളും ആയി നിൽക്കേണ്ടി വരുമെന്ന തോന്നൽ അവർക്ക് ഉണ്ടാകും. അത് പാർട്ടിയുടെ വേരുകളെ ബാധിക്കും. ഏതെങ്കിലും ഘട്ടത്തിൽ ബി.ജെ.പി ക്ഷീണിച്ചാൽ താൽകാലിക ലാഭത്തിന് വരുന്നവർ നേരെ മറിയും. പ്രതിപക്ഷം ശക്തിപ്പെട്ട് വരുമ്പോൾ അതിന്‍റെ മാറ്റം പാർട്ടിയിലെ ചിലർക്കുണ്ട്. ഇത്തരക്കാരെ എഴുന്നള്ളിച്ച് നടക്കുന്നത്, പാർട്ടിക്ക് വേണ്ടി പണിയെടുത്ത്, രക്തം നൽകിയ സാധാരണ പ്രവർത്തകർക്ക് പ്രഹരം നൽകുന്നതാണെന്നും സി.കെ. പത്മനാഭൻ പറഞ്ഞു.

ഹിന്ദു വിശ്വാസികളാണ് ബി.ജെ.പിയുടെ അടിത്തറ. അടിത്തറ കൊണ്ട് കാര്യമില്ല. ന്യൂനപക്ഷ സമുദായങ്ങൾ കേരളത്തിൽ പ്രബലമാണ്. മുസ്‍ലിംകളും ക്രിസ്ത്യാനികളും പ്രബല സമുദായങ്ങളാണ്. മുസ്‍ലിം സമുദായം നമ്മുടെ നാടിന്‍റെ മജ്ജയും മാംസവുമായ ഒരു വിഭാഗമാണ്. എത്രയോ നൂറ്റാണ്ടുകളായി അവർ നമ്മുടെ കൂടെ കഴിയുന്നു. ഒരു സമുദായത്തിൽ കുറച്ച് തീവ്രവാദികൾ ഉള്ളത് കൊണ്ട് എങ്ങനെയാണ് ആ സമുദായം മൊത്തത്തിൽ തീവ്രവാദികളാകുക. ഹിന്ദുക്കളിലും ക്രിസ്ത്യാനികളും കുറച്ച് മോശക്കാരില്ലേയെന്നും അദ്ദേഹം ചോദിച്ചു.

പശ്ചിമ ബംഗാളിലെയോ ത്രിപുരയിലെയോ അവസ്ഥ കേരളത്തിലെ സി.പി.എമ്മിന് ഉണ്ടാവില്ല. കേരളത്തിൽ സി.പി.എമ്മിന്‍റെ സംഘടനാപരമായ നെറ്റ് വർക്ക് ശക്തമാണ്. ധാർഷ്ട്യം ഒഴിവാക്കിയില്ലെങ്കിൽ സി.പി.എം അണികളടക്കമുള്ള ജനങ്ങൾ വെറുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണം കടത്തിയെന്ന് പറയുന്നതിൽ വലിയ അർഥമില്ല. മറ്റ് പല അഴിമതികളിൽ മുഖ്യമന്ത്രി പങ്കാളിയാണെന്നും സി.കെ. പത്മനാഭൻ വ്യക്തമാക്കി.

Tags:    
News Summary - Suresh Gopi is not a BJP leader or worker; Muslims are the marrow and flesh of the country - C.K. Padmanabhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.