തിരുവനന്തപുരം: ജനപങ്കാളിത്തത്തോടെ റീ സർവേ നടത്താൻ സംസ്ഥാനത്തെ മുഴുവൻ വാർഡുകളിലും സർവേ സഭ എന്ന പേരിൽ തദ്ദേശവകുപ്പിന്‍റെ സഹകരണത്തോടെ ഗ്രാമസഭകൾക്ക് ഈ മാസം തുടക്കം കുറിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 12ന് വൈകീട്ട് നാലിന് തിരുവനന്തപുരം ജില്ലയിലെ വെയ്ലൂർ വില്ലേജിലെ വാർഡ് സഭ തദ്ദേശമന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
ആദ്യഘട്ടമായി ഒക്ടോബറിൽ 200 സർവേ സഭകൾ ചേരും. റീസർവേ ജോലികളുമായി ബന്ധപ്പെട്ട് സർവേ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന രേഖകൾ പരിശോധനക്കായി നൽകേണ്ടതിന്‍റെയും അതിർത്തികൾ ചൂണ്ടിക്കാണിച്ച് തരുന്നതിന്‍റെയും റീസർവേ നടത്തേണ്ടതിന്‍റെയും കൃത്യമായ റെക്കോഡുകൾ തയാറാക്കേണ്ടതിന്‍റെയും ആവശ്യകത പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് സർവേ സഭ.
ഡിജിറ്റൽ സർവേ ഇനിയും പൂർത്തീകരിക്കാത്ത 1550 വില്ലേജുകളിൽ നാല് വർഷത്തിനകം പൂർത്തീകരിക്കും. പദ്ധതിയുടെ ആകെ ചെലവ് 858 കോടിയാണ്. 4,700 സർവേ ജീവനക്കാരെ നാലു വർഷത്തേക്കും നിയമിക്കും. എന്‍റെ ഭൂമി എന്ന വെബ്സൈറ്റ് വഴി റീ സർവേക്ക് മുമ്പുള്ള സ്ഥലവും സർവേക്ക് ശേഷമുള്ള സ്ഥിതിയും അറിയാൻ കഴിയും. വസ്തു ഉടമകൾ വിദേശത്താണെങ്കിൽ പകരം ചുമതലപ്പെടുന്നവരെ കുറിച്ചുള്ള വിവരം റവന്യൂ വകുപ്പിനെ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.