തിരുവനന്തപുരം: പുതുവൈപ്പിനില്‍ ജനവാസകേന്ദ്രത്തില്‍ ഐ.ഒ.സി പ്ലാൻറിെൻറ നിർമാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തുള്ള നാട്ടുകാരെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരനായ സിറ്റി പൊലീസ് കമീഷണറെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഒരുനാട്ടിലെ ജനങ്ങള്‍ പ്രക്ഷോഭത്തിലാണ്.
ഒരുപ്രദേശത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി പദ്ധതിക്കെതിരെ രംഗത്തുവരികയും പ്രക്ഷോഭത്തില്‍ അണിനിരക്കുകയും ചെയ്യുമ്പോള്‍ ആ സമരത്തെ സര്‍ക്കാര്‍ അനുഭാവപൂർവം വിലയിരുത്തുകയും അവരുമായി ചര്‍ച്ചകള്‍ നടത്തുകയുമാണ് വേണ്ടത്. ഇടതുമുന്നണി സര്‍ക്കാറില്‍നിന്ന് ജനങ്ങള്‍ അത് പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ചില ഉറപ്പുകള്‍ നല്‍കിയിരുന്നെന്നും അതുപോലും പാലിക്കപ്പെട്ടില്ല എന്നും സമരക്കാര്‍ക്ക് പരാതിയുണ്ട്. ഇത്തരം ആക്ഷേപങ്ങളെല്ലാം പരിശോധിക്കപ്പെടേണ്ടതുണ്ട്.
സര്‍ക്കാറിെൻറ പ്രതിച്ഛായക്കുതന്നെ മങ്ങലേല്‍പിക്കുന്ന വിധത്തില്‍ പൊലീസ് കൈക്കൊണ്ട സമീപനം ന്യായീകരിക്കാനാവില്ല. ഹൈകോടതി ജങ്ഷനിലേക്ക് മാര്‍ച്ച് നടത്തിയ സമരക്കാരെ കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. ഞായറാഴ്ചയും സമാനമായ മര്‍ദനമാണ് അവിടെ നടന്നത്. പൊലീസ് ഉദ്യോഗസ്ഥെൻറ നടപടികള്‍ വലിയവിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ ഉദ്യോഗസ്ഥനെ സർവിസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും നടപടികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്യണമെന്ന് വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.