കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സർക്കാർ നിർദേശം മറികടന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്.ബി.ഐ) പണം നിക്ഷേപിച്ചതിൽ ദുരൂഹത. ട്രഷറികളിലെ ഉയർന്ന പലിശ ഒഴിവാക്കി എസ്.ബി.ഐയിൽ പണം നിക്ഷേപിച്ചതിനാൽ പലിശയിനത്തിൽ 5.32 കോടി രൂപ നഷ്ടമായതായി അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. 2019 ജൂൺ മുതൽ 2021 ജനുവരി വരെ 47 അക്കൗണ്ടുകളിൽ നിക്ഷേപിച്ച 181 കോടിയുടെ പലിശയിനത്തിലാണ് നഷ്ടമുണ്ടായതെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒന്നര വർഷം കൊണ്ടു മാത്രം 5.32 കോടി രൂപ കുറഞ്ഞത് വൻനഷ്ടത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
വാഗ്ദാനം ചെയ്ത പലിശ കിട്ടിയില്ലെന്ന സർവകലാശാലയുടെ വാദവും കണക്കുകളുമാണ് ദൂരൂഹതയും സംശയവുമുണർത്തുന്നത്. ആകെയുള്ള 181 കോടിയിൽ 38 അക്കൗണ്ടുകളിലായുള്ള 168.5 കോടി രൂപക്കാണ് വാഗ്ദാനം ചെയ്ത പലിശപോലും ലഭിക്കാതിരുന്നത്. ഉദാഹരണമായി, 2019 ഒക്ടോബറിൽ നിക്ഷേപിച്ച അഞ്ച് കോടിക്ക് ഒരുവർഷത്തേക്ക് ആറ് ശതമാനം നിരക്കിൽ 30.68 ലക്ഷമാണ് വാഗ്ദാനം ചെയ്ത പലിശ. എന്നാൽ, 27.99 ലക്ഷമാണ് ലഭിച്ചത്. 168.5 കോടിയുടെ നിക്ഷേപത്തിന് 78 ലക്ഷമാണ് ഇതോടെ നഷ്ടമായത്.
നിശ്ചിത കാലത്തേക്ക് സ്ഥിരനിക്ഷേപം നടത്തിയാൽ കാലാവധി പൂർത്തിയാകുന്നതിനു മുമ്പ് പിൻവലിച്ചാൽ പലിശ നിരക്കിൽ കുറവുണ്ടാകും. എന്നാൽ, നിക്ഷേപ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പിൻവലിച്ചതായി ഓഡിറ്റ് റിപ്പോർട്ടിലില്ല.
റിസർവ് ബാങ്കിന്റെ റിപോ, റിവേഴ്സ് റിപോ നിരക്കുകളിൽ മാറ്റമില്ലാത്ത സമയത്തും കാലിക്കറ്റ് സർവകലാശാലയുടെ നിക്ഷേപ പലിശകളിൽ കാര്യമായ മാറ്റമുണ്ട്. 2019 ഒക്ടോബറിലെ സ്ഥിരനിക്ഷേപത്തിന് ആറു ശതമാനമായിരുന്നു പലിശ. ഡിസംബറിൽ 5.25 ശതമാനത്തിനാണ് നിക്ഷേപിച്ചത്. ഈ സമയത്ത് ഒരുവർഷത്തെ നിക്ഷേപത്തിന് 6.50 ശതമാനമായിരുന്നു എസ്.ബി.ഐയുടെ പലിശ. 2019 ആഗസ്റ്റ് വരെ എട്ടും പിന്നീട് 8.5 ശതമാനവും പലിശ ട്രഷറികളിൽനിന്ന് ലഭിക്കുമെന്നിരിക്കേയാണ് ബാങ്കുകളിൽ നിക്ഷേപിച്ച് നഷ്ടം വരുത്തിയത്.
അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ടിനെക്കുറിച്ച് അറിയില്ലെന്നും സാങ്കേതിക പ്രശ്നം മാത്രമായിരിക്കാമെന്നും ഫിനാൻസ് വിഭാഗം സിൻഡിക്കേറ്റ് ഉപസമിതി കൺവീനർ എം.എം. നാരായണൻ പറഞ്ഞു.
അതേസമയം, ട്രഷറിക്ക് പകരം ബാങ്കിൽ പണമിടാൻ തീരുമാനിച്ചത് വിജിലൻസ്അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും സിൻഡിക്കേറ്റിലെ പ്രതിപക്ഷ അംഗം പി. റഷീദ് അഹമ്മദ് ആവശ്യപ്പെട്ടു.
ബാങ്ക് നിക്ഷേപം ട്രഷറി വിലക്ക് ഭയന്ന്
കോഴിക്കോട്: ട്രഷറി വിലക്ക് വന്നാലും ശമ്പളവും പെൻഷനും മുടങ്ങാതിരിക്കാനാണ് കുറഞ്ഞ പലിശയുള്ള ബാങ്കിലേക്ക് കാലിക്കറ്റ് സർവകലാശാലയുടെ ഫണ്ട് മാറ്റിയത്. ജീവനക്കാരുടെ യൂനിയന്റെ സമ്മർദവും ഇതിന് പിന്നിലുണ്ട്. വർഷങ്ങളായി സർവകലാശാല ഫീസിനത്തിലും മറ്റും ഈടാക്കുന്ന തുകയാണ് 200 കോടിയോളമായി വർധിച്ചത്. ഈ പണം സർക്കാർ കൈകാര്യം ചെയ്യുമോയെന്ന പേടിയുമുണ്ട്.
ട്രഷറി വിലക്ക് അടുത്തകാലത്തൊന്നും കാലിക്കറ്റിനുള്ള സംസ്ഥാന വിഹിതത്തെ ബാധിച്ചിട്ടില്ല. മുൻകരുതൽ എന്ന നിലയിൽ ബാങ്കുകളിൽ നിക്ഷേപിച്ച് വൻതുക പലിശയിനത്തിൽ നഷ്ടമാക്കുകയാണ്. ബാങ്കിൽ നിക്ഷേപിക്കാതെ 200 കോടിയോളം രൂപയിൽ കുറച്ചെങ്കിലും അക്കാദമികമായ കാര്യങ്ങൾക്ക് ഉപയോഗിക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്. ട്രഷറി വിലക്കെന്ന സർവകലാശാലയുടെ ന്യായീകരണം ഓഡിറ്റ് റിപ്പോർട്ടിൽ തള്ളിയിട്ടുണ്ട്. ഇപ്പോഴും ബാങ്കിൽതന്നെ നിക്ഷേപം തുടരുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.