തിരുവനന്തപുരം: യു.എ.ഇ റെഡ്ക്രസൻറുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങളുടെ പേരിൽ കമീഷൻ തട്ടാൻ സ്വപ്നക്കും കൂട്ടർക്കും സഹായകമായത് ധാരണപത്രത്തിലെ പഴുതുകൾ. കഴിഞ്ഞവർഷം ജൂലൈ 11ന് റെഡ് ക്രസൻറും ലൈഫ് മിഷനും ഒപ്പിട്ട ധാരണപത്രത്തിലാണ് ക്രമക്കേടിനുള്ള ഒേട്ടറെ പഴുതുകളുള്ളത്. ഇത് ബോധപൂർവം ഉണ്ടാക്കിയതാണോ എന്ന സംശയവും ശക്തമാകുകയാണ്.
ഇൗ ധാരണപത്രം ഒപ്പിടുന്നതിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ വഴിവിട്ട് ഇടപെട്ടതിെൻറ വിവരങ്ങൾ പുറത്തുവന്നിരുന്നു. ലൈഫ്മിഷനിൽനിന്ന് അവസാനനിമിഷം വരെ കരാർ സംബന്ധിച്ച വിവരങ്ങൾ മറച്ചുെവച്ചതും നിയമവകുപ്പിൽനിന്ന് കരാറിന് വേഗത്തിൽ അംഗീകാരം നേടിയതും ശിവശങ്കറാണെന്ന് വ്യക്തമായിരുന്നു. അതിനുപിന്നാലെയാണ് പദ്ധതിയുമായി ശിവശങ്കറിനുള്ള കൂടുതൽ ബന്ധം എൻഫോഴ്സ്മെൻറ് ഇപ്പോൾ കണ്ടെത്തിയത്.
ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ആദ്യഘട്ടമെന്ന നിലയിൽ 20 കോടിയുടെ നിക്ഷേപം നടത്താമെന്നാണ് റെഡ്ക്രസൻറ് അറിയിച്ചിരുന്നത്. ഇക്കാര്യം ധാരണപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 20 കോടിയില്‍ 13.5 കോടിയാണ് പ്രളയ ബാധിതർക്കുള്ള ഫ്ലാറ്റ് നിര്‍മാണത്തിന് ഉപയോഗിക്കേണ്ടത്. ആശുപത്രി നിർമാണത്തിന് അഞ്ചരക്കോടി ഉപയോഗിക്കാമെന്നും ധാരണാപത്രത്തിലുണ്ട്. അതിൽനിന്നുതന്നെ ഒരു കോടി രൂപ അലിഖിത കമീഷനാണെന്ന് വ്യാഖ്യാനിക്കാം.
നിർമാണ കരാറിനെ സംബന്ധിച്ച കാര്യങ്ങളൊന്നും തന്നെ ധാരണപത്രത്തില്‍ പരാമർശിച്ചിട്ടുമില്ല. അതിെൻറ ആവശ്യമില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. സർക്കാറുമായി ധാരണപത്രമുണ്ടാക്കി തോന്നുന്ന നിലയിൽ കാര്യങ്ങൾ നടപ്പാക്കാമെന്ന് സാരം. നിർമാണ ചുമതല ആർക്കെന്ന് പറയാത്തതും തട്ടിപ്പുകാർക്ക് ഗുണമായി. അതനുസരിച്ചാണ് സ്വപ്ന ഉൾപ്പെടെയുള്ളവർ മൂന്നരക്കോടിയിലധികം കമീഷനായി തട്ടിയത്.
സ്വപ്നക്ക് പണം ലഭിച്ചത് കമീഷനായെന്ന്
കൊച്ചി: ബാങ്ക് ലോക്കറിൽനിന്ന് പിടികൂടിയ പണം കുറ്റകൃത്യത്തിൽനിന്ന് കിട്ടിയതല്ലെന്നും കമീഷനായി ലഭിച്ചതാണെന്നും സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ. യൂണിടെക് കമ്പനി കോൺസൽ ജനറലിന് കമീഷൻ നൽകി. ഇത് അദ്ദേഹം സ്വപ്നക്ക് സമ്മാനമായി കൈമാറുകയായിരുന്നു. കോൺസുലേറ്റിലെ വിസ സ്റ്റാംപിങ്, അറ്റസ്റ്റേഷൻ എന്നീ കാര്യങ്ങൾക്ക് ചുമതലയേറ്റെടുത്ത രണ്ട് ഏജൻസികളും സ്വപ്നക്ക് കമീഷൻ നൽകി. ഹൈദരാബാദിലെ യു.എ.ഇ കോൺസുലേറ്റിന് ഇൻറീരിയർ ഡിസൈനിങ് ജോലികൾക്ക് ആളെ തെരഞ്ഞെടുത്തതിലും കമീഷൻ ലഭിച്ചെന്ന് അഭിഭാഷകൻ വെളിപ്പെടുത്തി.
പണം ആരെങ്കിലും സമ്മാനമായി നൽകുമോ എന്ന് ചോദിച്ച കോടതി, ബാങ്കിൽ നിക്ഷേപിക്കുന്നതിന് പകരം പണം ലോക്കറിൽ സൂക്ഷിച്ചതെന്തിനാണെന്ന് പ്രതിഭാഗത്തോട് ആരാഞ്ഞു. മുഖ്യമന്ത്രിയുടെ യു.എ.ഇയിലെ പരിപാടിയുമായി സ്വപ്ന ബന്ധപ്പെട്ടിട്ടില്ല. യു.എ.ഇയിൽ പോയത് പിതാവിെൻറ സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തീർക്കാനായിരുന്നു. സ്വപ്നയുടെ പിതാവ് ഷേഖിെൻറ കൊട്ടാരത്തിൽ 34 വർഷം ജോലി ചെയ്തിരുന്നു. 20 വർഷം മുമ്പ് നടന്ന വിവാഹത്തിന് 620 പവൻ സമ്മാനമായി ലഭിച്ചിരുന്നു. ഇതിൽ 120 പവൻ മാത്രമാണ് ബാക്കിയുള്ളത്. ഇത് മകളുടെ വിവാഹത്തിന് മാറ്റിവെച്ചതാണ്.
കള്ളപ്പണം വെളുപ്പിച്ചതിന് ഇ.ഡിയുടെ പക്കൽ തെളിവൊന്നുമില്ല. ഇ.ഡി കോടതിയിൽ നൽകിയ അഞ്ച് റിപ്പോർട്ടിലും കള്ളപ്പണം വെളുപ്പിച്ചതിന് തെളിവ് പറയുന്നില്ല. ഇതിനുപകരം ശിവശങ്കറുമായുള്ള ബന്ധമാണ് പരാമർശിക്കുന്നതെന്നും ഇതിന് മറ്റ് പല ഉദ്ദേശ്യങ്ങളുണ്ടെന്നും അഭിഭാഷകൻ കുറ്റപ്പെടുത്തി.
ഇടപാടുകാരെ ആകർഷിക്കാൻ സ്വർണം പൊതിയുന്ന വിഡിയോ പ്രചരിപ്പിച്ചിരുന്നെന്ന് കസ്റ്റംസ്
കൊച്ചി: സ്വർണക്കടത്ത് ഇടപാടിലേക്ക് നിക്ഷേപകരെ ആകർഷിക്കാൻ സ്വപ്നയും സംഘവും സ്വർണം പൊതിഞ്ഞ് ഒരുക്കുന്നതിെൻറ ദൃശ്യങ്ങൾ ഗൾഫിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നതായി കസ്റ്റംസ് ൈഹകോടതിയിൽ. കേരളത്തിലെ ചിലരുടെ മൊബൈൽ ഫോണുകളിലേക്ക് ഇത്തരം വിഡിയോകൾ ബോധപൂർവം അയച്ചുകൊടുത്തിരുന്നു. കേസിലെ പ്രധാന ബുദ്ധികേന്ദ്രങ്ങൾ വിദേശത്താണെന്നും ഇവരെക്കൂടി പിടികൂടി ചോദ്യം ചെയ്താലേ യഥാർഥ വിവരങ്ങൾ പുറത്തുവരൂവെന്നും കസ്റ്റംസ് സ്പെഷൽ പ്രോസിക്യൂട്ടർ സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു.
11ാം പ്രതി അബ്ദുൽ ഹമീദിെൻറ ജാമ്യ ഹരജിയിൽ നൽകിയ വിശദീകരണത്തിലാണ് വെളിപ്പെടുത്തൽ.സ്വർണം കടത്താനുള്ള നടപടികൾ 2019 ജൂണിൽ തുടങ്ങിയതാണ്. രണ്ടുതവണ ട്രയൽ നടത്തിയ ശേഷമാണ് കടത്തിത്തുടങ്ങിയത്. 20 തവണ ദുൈബയിൽനിന്നും ഒരു തവണ അബൂദബിയിൽനിന്നുമായി ആകെ 164 കിലോ ഇപ്രകാരം കൊണ്ടുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.