കൊച്ചി: സ്വർണക്കടത്ത് കേസിൽ താൻ കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ സ്വപ്ന സുരേഷിെൻറ ഹരജി. കസ്റ്റംസ് ആക്ട് 108 പ്രകാരം ശേഖരിച്ച മൊഴി മുദ്രവെച്ച കവറിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ചെങ്കിലും പകർപ്പ് തനിക്ക് നൽകിയിട്ടില്ലെന്നും കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ആവശ്യമുള്ളതിനാൽ അനുവദിക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ടുമാണ് ഹരജി. വിശദീകരണത്തിന് കസ്റ്റംസിന് സമയം അനുവദിച്ച സിംഗിൾ ബെഞ്ച് ഹരജി വീണ്ടും ഈ മാസം 12ന് പരിഗണിക്കാൻ മാറ്റി.
മൊഴിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പിനായി കീഴ്കോടതിയിൽ അപേക്ഷ നൽകിയെങ്കിലും നിഷേധിച്ചതായി ഹരജിയിൽ പറയുന്നു. രണ്ടുതവണയായി 30 പേജുള്ള മൊഴിയാണ് എടുത്തത്. മൊഴി എഴുതിയ കടലാസുകളിൽ തന്നെക്കൊണ്ട് നിർബന്ധിച്ച് ഒപ്പിടുവിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ പകർപ്പ് ലഭ്യമാക്കാൻ ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം.
മൂന്നാര്‍: സ്വപ്ന സുരേഷും സംഘവും യു.എ.ഇ കോൺസുലേറ്റ് വഴി സ്വർണംകടത്തിയ കേസിൽ മൂന്നാറും അന്വേഷണ പരിധിയില്‍. മൂന്നാര്‍ മേഖല കേന്ദ്രീകരിച്ച് സ്പെഷല്‍ ബ്രാഞ്ചാണ് അന്വേഷണം ആരംഭിച്ചത്. പ്രതികള്‍ മൂന്നാര്‍ കേന്ദ്രീകരിച്ച് അനധികൃതമായി റിയൽ എസ്റ്റേറ്റ് ഇടപാട് നടത്തിയതായി സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ലക്ഷ്മി, പോതമേട്, മാങ്കുളം, ചിന്നക്കനാല്‍ തുടങ്ങിയ മേഖലകളില്‍ റിസോര്‍ട്ടടക്കം ബിനാമി പേരില്‍ പ്രതികള്‍ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം .
ദിവസങ്ങളുടെ അന്വേഷണത്തിനൊടുവിലും ദുരൂഹത നീക്കാനായിട്ടില്ല. വ്യക്തമായ തെളിവ് ലഭിക്കുന്നതിലെ സാങ്കേതിക തടസ്സമാണ് പ്രശ്നം. മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമികള്‍ പലതും സ്വകാര്യ വ്യക്തികളുടെ കൈവശമുണ്ടെങ്കിലും ഉടമ്പടി കരാറായിട്ടാണ്. ഭൂമിക്ക് കൃത്യമായ രേഖകളില്ലാത്തതിനാല്‍ രജിസ്ട്രാർ മുമ്പാകെ ഉടമ്പടി രജിസ്റ്റർ ചെയ്യാൻ കഴിയില്ല. ഈ സാഹചര്യത്തില്‍ പ്രതികള്‍ ഭൂമിയും കെട്ടിടങ്ങളും വാങ്ങിയിട്ടുണ്ടെങ്കില്ത്തന്നെ കണ്ടെത്തുക പ്രയാസമാണെന്ന് അധികൃതര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.