തിരുവനന്തപുരം: സംഘ്പരിവാർ അനുകൂല എൻ.ജി.ഒയായ ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയിലെ (എച്ച്.ആർ.ഡി.എസ്) നിയമനത്തെ തുർന്നുണ്ടായ വിവാദത്തോട് പ്രതികരിച്ച് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. നിയമന വിവാദത്തെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും രണ്ട് റൗണ്ട് അഭിമുഖങ്ങള്‍ക്ക് ശേഷമാണ് ജോലിയില്‍ പ്രവേശിച്ചതെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. എൻ.ജി.ഒയുമായി തനിക്ക് നേരത്തെ ഒരു ബന്ധവും ഇല്ലായിരുന്നുവെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.
ജോലിക്ക് വേണ്ടി ഒരുപാട് പേരെ സമീപച്ചെങ്കിലും തനിക്ക് ജോലി തരാൻ പേടിയാണെന്നാണ് പലരും പറഞ്ഞത്. അതിനാൽ, യോഗ്യതക്കപ്പുറം പ്രതിസന്ധി ഘട്ടത്തില്‍ ലഭിച്ച സഹായം കൂടിയാണിത്. അനില്‍ എന്ന സുഹൃത്ത് വഴിയാണ് എച്ച്.ആര്‍.ഡി.എസിലെ ജോലിക്ക് അവസരം ലഭിച്ചത്.
രാഷ്ട്രീയത്തെ കുറിച്ചും സ്ഥാപനത്തിന് രാഷ്ട്രീയബന്ധമുണ്ടോ എന്നും തനിക്കറിയില്ല. തന്റെ നിയമനത്തിലേക്ക് എന്തിനാണ് രാഷ്ട്രീയം വലിച്ചിടുന്നത്. ജോലിയിലൂടെ വരുമാനമുണ്ടായാലേ മക്കളുടെ കാര്യങ്ങള്‍ നോക്കാന്‍ കഴിയൂവെന്നും സ്വപ്ന പറഞ്ഞു.
നിങ്ങള്‍ക്ക് എന്നെ കൊല്ലണമെങ്കില്‍ കൊല്ലൂ, അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്. ജീവിക്കാന്‍ അനുവദിക്കണമെന്നും ഞാനെന്‍റെ മക്കളെ ഒന്ന് വളര്‍ത്തിക്കോട്ടെ എന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു.
ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒയാണ് ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി (എച്ച്.ആർ.ഡി.എസ്). എൻ.ജി.ഒയുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസബിലിറ്റി ഡയറക്ടറായാണ് സ്വപ്ന സുരേഷിന്‍റെ നിയമനം.
സ്വപ്ന സുരേഷ് ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ നിയമനത്തെ എതിർത്ത് എച്ച്.ആർ.ഡി.എസ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ എസ്. കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു. സ്വപ്നയുടെ നിയമനം അസാധുവാണെന്നും സൊസൈറ്റിയുടെ ഔദ്യോഗിക അംഗീകാരമില്ലെന്നുമായിരുന്നു ആരോപണം.
ഇതിനോട് പ്രതികരിച്ച എച്ച്.ആര്‍.ഡി.എസ് പ്രോജക്ട് മാനേജര്‍ ബിജു കൃഷ്ണൻ, സാമൂഹിക സേവന രംഗത്തെ കഴിവ് പരിഗണിച്ചാണ് സ്വപ്നക്ക് ജോലി നല്‍കിയതെന്ന് വ്യക്തമാക്കി. പ്രതിയാണെങ്കിലും അവരെ കോടതി കുറ്റക്കാരിയായി വിധിക്കാത്തതു കൊണ്ടാണ് നിയമനം നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.