കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന് അധികാര ഇടനാഴികളിലുള്ള സ്വാധീനം പ്രകടമാണെന്ന് കോടതി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷും മലപ്പുറം വേങ്ങര സ്വദേശി സെയ്തലവിയും നൽകിയ ജാമ്യാപേക്ഷ തള്ളിയാണ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) സി.ദീപു ഇൗ നിരീക്ഷണം നടത്തിയത്.
സ്വാധീനമുപയോഗിച്ച് സ്വപ്ന സുരേഷ് സംസ്ഥാന സർക്കാർ പദ്ധതിയിൽ ജോലി നേടിയതായും കോൺസുലേറ്റിൽനിന്ന് രാജിവെച്ചശേഷവും അവിടത്തെ ഉന്നതരെ ഇവർ സഹായിച്ചിരുന്നതായി വ്യക്തമാകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതി അങ്ങേയറ്റം സ്വാധീന ശക്തിയുള്ള സ്ത്രീയാണെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ വിവരങ്ങളിൽനിന്ന് വ്യക്തമാകുന്നുണ്ടെന്നും ഇൗ സാഹചര്യത്തിൽ സ്ത്രീയെന്ന പരിഗണനയിൽ ജാമ്യം നൽകണമെന്ന പ്രതിഭാഗം വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
അതേസമയം, രോഗ ബാധിതനായ എട്ടാം പ്രതി സെയ്തലവിക്ക് ആവശ്യമായ വൈദ്യ സഹായം അപ്പപ്പോൾ നൽകണമെന്ന് ജയിൽ സൂപ്രണ്ടിന് നിർദേശം നൽകി. പ്രതികളെ പെെട്ടന്ന് ജാമ്യത്തിൽ വിട്ടയച്ചാൽ ഉറപ്പായും അത് അന്വേഷണത്തിന് വിലങ്ങ് തടിയാവുമെന്നും സാക്ഷികളെ സ്വാധീനിക്കാനും ഒളിവിൽ കഴിയുന്ന പ്രതികളെ സഹായിക്കുന്നതിനും കാരണമാകുമെന്നും ഉത്തരവിൽ പറയുന്നു.
നയതന്ത്ര ചാനൽ ദുരുപയോഗം ചെയ്ത് സ്വർണം കടത്തിയതിൽ വൻ ഗൂഢാലോചന നടന്നുവെന്നാണ് പ്രോസിക്യൂഷൻ ബോധിപ്പിച്ചിരിക്കുന്നത്. സ്വർണക്കടത്ത് റാക്കറ്റിനെ നിയന്ത്രിച്ചതായി കരുതപ്പെടുന്ന 17 ഉം 18 ഉം പ്രതികളായ ഫൈസൽ ഫരീദും റബിൻസും ഇപ്പോഴും ഒളിവിലാണ്. സംസ്ഥാന സർക്കാറിലെ ഉന്നത വ്യക്തികളുമായി പ്രതി സ്വപ്നക്ക് അടുത്ത ബന്ധമുണ്ടെന്ന കസ്റ്റംസിെൻറ വാദവും കോടതി അംഗീകരിച്ചു.
കഴിഞ്ഞ ദിവസം എൻ.െഎ.എ കോടതിയും സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതേസമയം, സംജു അടക്കം കേസിലെ മറ്റ് മൂന്ന് പ്രതികൾ നൽകിയ ജാമ്യാപേക്ഷ 17ന് പരിഗണിക്കാനായി മാറ്റി.
സെയ്തലവി, സംജു, മുഹമ്മദ് അബ്ദുൽ ഷമീം, പി.ടി. അബ്ദു, മുഹമ്മദ് അൻവർ, അബ്ദുൽ ഹമീദ്, അബൂബക്കർ പഴേടത്ത്, സി.വി. ജിഫ്സൽ എന്നീ പ്രതികളുടെ റിമാൻഡ് കാലാവധി ഇൗമാസം 25 വരെ നീട്ടി. വിഡിയോ കോൺഫറൻസിങ് വഴിയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.