തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിന്‍റെ അന്വേഷണം ഊർജിതമാക്കി പ്രത്യേക സംഘം. ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിന്‍റെ മേൽനോട്ടത്തിലുള്ള സംഘം തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് യോഗം ചേർന്ന് ഇതുവരെയുള്ള കാര്യങ്ങൾ വിലയിരുത്തി. ഇനി അന്വേഷണം എങ്ങനെ വേണമെന്നും തീരുമാനമെടുത്തു. ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.
മധ്യസ്ഥതക്ക് ശ്രമിച്ചെന്ന് സ്വപ്ന ആരോപിച്ച ഷാജ് കിരൺ, ബിസിനസ് പങ്കാളി ഇബ്രാഹിം എന്നിവരെ ചോദ്യം ചെയ്യും. ബുധനാഴ്ച എറണാകുളം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ ഇരുവർക്കും നോട്ടീസ് നൽകി. സോളാർ കേസ് പ്രതി സരിത എസ്. നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി ഉടൻ തിരുവനന്തപുരം കോടതിയിൽ അപേക്ഷ നൽകും. ഗൂഢാലോചന തെളിയിക്കാൻ കൂടുതൽ വിവരങ്ങൾ ശേഖരിക്കും.
ഗൂഢാലോചനക്ക് പിന്നിൽ പി.സി. ജോർജും ക്രൈംനന്ദകുമാറുമാണെന്ന സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പ്രതികളെ ഉൾപ്പെടുത്തും. സ്വപ്ന, പി.സി. ജോർജ്, നന്ദകുമാർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കും. കെ.ടി. ജലീലിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത ഗൂഢാലോചന, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ നിലനിൽക്കും. ഇപ്പോഴത്തെ അക്രമങ്ങൾ ഇതിന്‍റെ ഭാഗമാണെന്ന വിലയിരുത്തലുമുണ്ട്.
വിജിലൻസ് പിടിച്ചെടുത്ത സരിത്തിന്‍റെ മൊബൈൽ ഫോണിന്‍റെ ഫോറൻസിക് പരിശോധന റിപ്പോർട്ട് കിട്ടിയാൽ ഗൂഢാലോചനക്കുറ്റം തെളിയിക്കാനാകുമെന്ന വിശ്വാസത്തിലാണ് അന്വേഷണസംഘം. സ്വപ്നയും ഷാജ്കിരണും തമ്മിലുള്ള ശബ്ദരേഖയുടെ ശാസ്ത്രീയ പരിശോധനയും ഉദ്ദേശിക്കുന്നുണ്ട്. എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് പുറത്തുവിട്ടതെന്ന് ചൂണ്ടിക്കാട്ടി ഷാജ് കിരൺ ഡി.ജി.പിക്ക് നൽകിയ പരാതി അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.