തിരുവനന്തപുരം: വയനാട് ജില്ലയിലെ മാനന്തവാടി, തവിഞ്ഞാൽ പ്രദേശങ്ങളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും പന്നി, പന്നി മാംസം, മാംസോൽപന്നങ്ങൾ എന്നിവ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും നിരോധിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ ചെക്പോസ്റ്റുകളിൽ രോഗനിരീക്ഷണം ശക്തമാക്കും. സംസ്ഥാന തലത്തിൽ അഡീഷനൽ ഡയറക്ടറെ (എ.എച്ച്) സ്റ്റേറ്റ് നോഡൽ ഓഫിസറായി നിയമിച്ചു.
ഇന്നലെ ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലബോറട്ടറിയിലാണ് സാമ്പ്ൾ പരിശോധിച്ച് രോഗം സ്ഥിരീകരിച്ചത്. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്ന് കേന്ദ്രസർക്കാർ നിർദേശമനുസരിച്ച് തുടർ നടപടികൾ കൈക്കൊള്ളാനും രോഗബാധ നിയന്ത്രിക്കാൻ അടിയന്തര നടപടികൾ ത്വരിതപ്പെടുത്താനും തീരുമാനിച്ചു.
സംസ്ഥാന ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാനതല കൺേട്രാൾ റൂം തുറന്നു. ജില്ലകളിൽ റവന്യൂ, ആരോഗ്യം, തദ്ദേശസ്വയംഭരണം, പൊലീസ്, വനം വകുപ്പുകളുമായി ചേർന്ന് രോഗപ്രതിരോധ നടപടികൾ ശക്തമാക്കും.
രോഗത്തിന്റെ പ്രഭവ കേന്ദ്രത്തിന് ഒരു കി.മീറ്റർ ചുറ്റളവിലുള്ള പന്നികൾ, തീറ്റ എന്നിവ ദ്രുതകർമസേനയുടെ സഹായത്തോടെ നശിപ്പിക്കും. രോഗത്തിന്റെ പ്രഭവ കേന്ദ്രത്തിന് ഒരു കി.മീറ്റർ ചുറ്റളവിലുള്ള പന്നികളെ അടിയന്തരമായി കൊന്ന് ശാസ്ത്രീയമായി മറവ് ചെയ്യും.
കേന്ദ്ര സർക്കാർ നിശ്ചയിച്ച നിരക്കിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകും. പ്രഭവ കേന്ദ്രത്തിനു പുറത്ത് 10 കി.മീറ്റർ ചുറ്റളവിൽ രോഗ നിരീക്ഷണം ഏർപ്പെടുത്തും. പന്നികർഷകർക്ക് ഓൺലൈനായി ബോധവത്കരണം നടത്തും.
സംസ്ഥാനമൊട്ടാകെയുള്ള പന്നി ഫാമുകളിൽ രോഗനിരീക്ഷണം നടത്താനുള്ള സംവിധാനം പാലോട് മുഖ്യ രോഗനിർണയ കേന്ദ്രത്തിൽ സജ്ജീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.