തിരുവനന്തപുരം: ആറു പതിറ്റാണ്ടിെൻറ ചരിത്രവും സമൃദ്ധമായ പാരമ്പര്യവും കേരളത്തിന് സമ്മാനിച്ച മാറ്റത്തിെൻറ നേർക്കാഴ്ചയോടെയാണ് പിണറായി സർക്കാറിെൻറ രണ്ടാമൂഴത്തിന് സാക്ഷ്യംവഹിക്കാൻ സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയൊരുങ്ങിയത്. 1957ലെ ഇ.എം.എസ് സർക്കാറിൽതുടങ്ങി ഇപ്പോൾ പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാറിലെത്തിനിൽക്കുന്ന കേരളം, പോയനാളുകളിൽ കൈവരിച്ച നേട്ടങ്ങൾ തുടങ്ങിയവയാണ് സിനിമ - സംഗീതരംഗത്തെ 54 പ്രമുഖർ വെർച്വൽ ഗീതാഞ്ജലിയായി കേരളത്തിന് മുന്നിൽ അവതരിപ്പിച്ചത്. ഇത്രയധികം ഗായകരും സംഗീതജ്ഞരും പങ്കാളികളാകുന്ന സംഗീതശിൽപം മലയാളത്തിൽ ആദ്യത്തേതാണ്.
മമ്മൂട്ടിയുടെ സമർപ്പണാവതരണത്തോടെയാണ് ഗീതാഞ്ജലി തുടങ്ങിയത്. പിന്നാലെ ഡോ. കെ.ജെ. യേശുദാസിെൻറ മധുരസ്വരം. മോഹൻലാൽ, എ.ആർ. റഹ്മാൻ, ഹരിഹരൻ, പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര, സുജാത, എം.ജി. ശ്രീകുമാർ, അംജത് അലിഖാൻ, ഉമയാൾപുരം ശിവരാമൻ, ശിവമണി, ജയറാം, കരുണാമൂർത്തി, സ്റ്റീഫൻ ദേവസ്യ, ഉണ്ണിമേനോൻ, ശ്രീനിവാസ്, ഉണ്ണികൃഷ്ണൻ, വിജയ് യേശുദാസ്, മധുബാലകൃഷ്ണൻ, ശ്വേതാമോഹൻ, ഔസേപ്പച്ചൻ, എം. ജയചന്ദ്രൻ, ശരത്, ബിജിബാൽ, രമ്യാനമ്പീശൻ, മഞ്ജരി, സുധീപ്കുമാർ, നജിം അർഷാദ്, ഹരിഹരൻ, മധുശ്രീ, രാജശ്രീ, കല്ലറ ഗോപൻ, അപർണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണൻ, സയനോര, രാജലക്ഷ്മി, കല്ലറ ഗോപൻ, മുരുകൻ കാട്ടാക്കട, പി.കെ. മേദിനി എന്നിവരടക്കം ചലച്ചിത്രരംഗത്തെ പ്രമുഖർ സംഗീത ശൃംഖലയിൽ സ്വരസാന്നിധ്യമായി.
38 ഓളം കവിതകളും നാടകഗാനങ്ങളും പഴയകാല ചലച്ചിത്ര ഗാനങ്ങളുമെല്ലാം 21 മിനിറ്റ് നീണ്ട നവകേരള ഗീതാഞ്ജലിയിൽ നിറഞ്ഞു. കവി പ്രഭാവർമയും റഫീഖ് അഹമ്മദുമാണ് ഓരോ കാലഘട്ടത്തിെൻറയും പാട്ടുകളെയും കവിതകളെയും ഇഴചേർക്കാൻ വരികളെഴുതിയത്. സംവിധായകൻ ടി.കെ. രാജീവ്കുമാർ ആശയാവിഷ്കാരം നിർവഹിച്ചു. രമേശ് നാരായണൻ സംഗീതം ചിട്ടപ്പെടുത്തി.
മണ്ണും മനുഷ്യനും എന്ന ആശയത്തിലൂന്നിയാണ് സംഗീത ദൃശ്യാവിഷ്കാരം തയാറാക്കിയതെന്ന് ടി.കെ. രാജീവ് കുമാർ പറഞ്ഞു. 1957 മുതലുള്ള കേരള സർക്കാറുകൾ നാടിെൻറ പുരോഗതിയിലേക്കുള്ള മാറ്റത്തിനായി സ്വീകരിച്ച ഇടപെടലുകളുടെ നേർക്കാഴ്ചയാണ് സംഗീതാർച്ചനയിലുള്ളത്. കക്ഷി രാഷ്ട്രീയത്തിനതീതമായി സർക്കാറുകളും പ്രസ്ഥാനങ്ങളും മലയാളിയുടെ ജീവിതത്തെ ഏതുരീതിയിലാണ് സ്വാധീനിച്ചതെന്ന് ഇതിൽനിന്ന് വ്യക്തമാകുന്നെന്നും രാജീവ് കുമാർ പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും കേരള മീഡിയ അക്കാദമിയും ചേർന്നാണ് സംഗീതാവിഷ്കാരം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.