തിരുവനന്തപുരം: രണ്ടു പകലും രാവും നീണ്ട വിലാപയാത്ര. അതിതീവ്ര വികാരപ്രകടനങ്ങൾക്ക് മുന്നിലുടനീളം കൈകൂപ്പി നിന്ന ചാണ്ടി ഉമ്മൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്നത് അന്നേ വ്യക്തമായിരുന്നു. അപ്പോഴും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് ആവർത്തിച്ച് പറഞ്ഞു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. റെക്കോഡ് ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ ജയിച്ചുനിൽക്കുമ്പോഴും എം.വി. ഗോവിന്ദൻ അതുതന്നെ പറയുന്നു. ഇത് ഭരണത്തിന്റെ വിലയിരുത്തൽ തന്നെ. ഇടത് അടിത്തറ തകർന്നിട്ടില്ല. പക്ഷേ, സർക്കാറിനോട് ജനങ്ങൾക്ക് മതിപ്പാണെന്ന ഗോവിന്ദന്റെ കാപ്സ്യൂളിന് വീര്യം പോര. അരനൂറ്റാണ്ടിലേറെ കോൺഗ്രസ് കൈവശം വെക്കുന്ന മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലെന്ന് പ്രഖ്യാപിച്ചതുതന്നെ അതിരുകടന്ന സാഹസികതയായിരുന്നു.
വമ്പൻ പരാജയത്തിനശേഷവും പാർട്ടി സെക്രട്ടറി അത് ആവർത്തിക്കുമ്പോൾ പാർട്ടിക്കും ഭരണത്തിനുമിടയിൽ രൂപപ്പെടുന്ന കാർമേഘങ്ങളുടെ സൂചനകൾ വായിച്ചെടുക്കുന്നവരുമുണ്ട്. അര നൂറ്റാണ്ടിലേറെയായി ഉമ്മൻ ചാണ്ടിയാണ് ജയിച്ചുവരുന്നതെങ്കിലും പുതുപ്പള്ളി കോൺഗ്രസ് കേന്ദ്രമല്ല. എട്ടിൽ ആറു പഞ്ചായത്തും ഇടതുപക്ഷം ഭരിക്കുന്ന പുതുപ്പള്ളിയിൽ സംഘടനാ സംവിധാനങ്ങളുള്ളത് ഇടതുപക്ഷത്തിനാണ്. കോൺഗ്രസിന് അവിടെ ചലിക്കുന്ന സംഘടന സംവിധാനങ്ങളില്ല. പകരം ഉണ്ടായിരുന്നത് വോട്ടർമാരോട് മുഴുവൻ വ്യക്തിബന്ധമുള്ള ഉമ്മൻ ചാണ്ടിയെന്ന നേതാവ് മാത്രമായിരുന്നു. അതുകൊണ്ടുതന്നെ ഉമ്മൻ ചാണ്ടിയില്ലാത്ത തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ നില അൽപമെങ്കിലും മെച്ചപ്പെടുകയാണ് വേണ്ടത്. സഹതാപം ആഞ്ഞടിച്ചാൽപോലും മുമ്പത്തെ നിലയിൽ പിടിച്ചുനിൽക്കാൻ കഴിയണം. രണ്ടുതവണ ഉമ്മൻ ചാണ്ടിയെ നേരിട്ട് കഴിഞ്ഞ തവണ ഭൂരിപക്ഷ കുത്തനെ കുറച്ച ജെയ്ക്ക് സി. തോമസ് സി.പി.എമ്മിന് നിർത്താവുന്നതിൽ മികച്ച സ്ഥാനാർഥിയാണ്.
എന്നിട്ടും ഒരു ബൂത്തിലൊഴികെ എല്ലായിടത്തും പിന്നിൽപോയ, 12,000 ത്തിൽപരം വോട്ട് ചോർച്ചയുടെ കനത്ത തിരിച്ചടിയാണ് ഫലം. ചാണ്ടി ഉമ്മന്റെ വിജയം സഹതാപ തരംഗം മാത്രമെന്നാണ് സി.പി.എം വിശദീകരണം. പ്രധാന കാരണം സഹതാപ തരംഗംതന്നെ. എന്നാൽ, ഭൂരിപക്ഷം റെക്കോഡിലെത്തിയതിന് കാരണം സഹതാപം മാത്രമല്ല. 37,779 എന്ന ഭൂരിപക്ഷത്തിൽ ഭരണവിരുദ്ധ വികാരവുമുണ്ട്. വെള്ളക്കരം, വൈദ്യുതി നിരക്ക് വർധന, രണ്ടുരൂപ ഇന്ധന സെസ് എന്നിവയോടുള്ള സാധാരണക്കാരന്റെ പ്രതികരണം ബാലറ്റിൽ പ്രതിഫലിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലെ വോട്ട് കണക്കെടുത്തുവെച്ച് അടിത്തറ തകർന്നില്ലെന്നു സി.പി.എമ്മിന് വാദിച്ചുനിൽക്കാം. പക്ഷേ, അതിൽ വിശ്വസിച്ച് അവർക്ക് മുന്നോട്ടുപോകാനാകില്ല. മാസങ്ങൾക്കകം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി വിജയം യു.ഡി.എഫിന് ആവേശമാകുമെന്നുറപ്പ്. തുടർഭരണത്തിൽ തകർന്നുപോയ ആത്മവിശ്വാസം തൃക്കാക്കരയിൽ തിരിച്ചുപിടിച്ചത് പുതുപ്പള്ളിയിൽ പുതുക്കി പ്രതിപക്ഷം. എൽ.ഡി.എഫിനെ സംബന്ധിച്ച് കണ്ണുതുറപ്പിക്കുന്ന മുന്നറിയിപ്പാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.