കൊച്ചി: കുർബാന വിവാദം നിലനിൽക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയിൽ മാർപാപ്പ ഉത്തരവിട്ടതനുസരിച്ചുള്ള ഏകീകൃത കുർബാനതന്നെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സിറോ മലബാർ സഭ സിനഡ് സർക്കുലർ പുറത്തിറക്കി. സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും മറ്റു മെത്രാന്മാരും ചേർന്ന് ഒപ്പിട്ട സർക്കുലറാണ് അതിരൂപതയിലെ വൈദികർക്കും വിശ്വാസികൾക്കുമായി പുറത്തിറക്കിയത്.
സിനഡ് സമാപന ദിനമായ ശനിയാഴ്ച പുറത്തിറക്കിയ സർക്കുലർ അടുത്ത ഞായറാഴ്ച പള്ളികളിലും സ്ഥാപനങ്ങളിലും വായിക്കണമെന്നാവശ്യപ്പെട്ട് അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർമാർ ബോസ്കോ പുത്തൂരും സർക്കുലർ ഇറക്കി. ഇരുസർക്കുലറും വായിക്കണമെന്നാണ് നിർദേശം.
ഏകീകൃത കുർബാനയെന്ന മാർപാപ്പയുടെ ആഹ്വാനം എല്ലാവരും ഹൃദയപൂർവം സ്വീകരിക്കുകയും മാതൃകാപരമായി നടപ്പാക്കുകയും വേണമെന്ന് സ്നേഹപൂർവം അഭ്യർഥിക്കുന്നുവെന്നാണ് മെത്രാന്മാരുടെ വാക്കുകൾ. മാർപാപ്പയെ അനുസരിക്കാൻ നമുക്ക് കടമയുള്ളതിനാൽ അഭിപ്രായഭിന്നതകൾ മറന്ന് കൂട്ടായ്മയുടെ സാക്ഷ്യം നൽകുമെന്ന പ്രത്യാശയും പങ്കുവെക്കുന്നു.
മേജർ ആർച്ച്ബിഷപ്പിനെ കൂടാതെ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്, തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്, ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം, തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി എന്നിവരും വിവിധ രൂപതകളുടെ മെത്രാന്മാർ, സഹായ മെത്രാന്മാർ, മുൻ മെത്രാന്മാർ എന്നിങ്ങനെ 49 പേരാണ് സർക്കുലറിൽ ഒപ്പിട്ടിരിക്കുന്നത്.
‘സർക്കുലർ പിൻവലിക്കണം’
കൊച്ചി: അതിരൂപതയിൽ ഏകീകൃത കൂർബാന അർപ്പിക്കാനുള്ള ഉത്തരവ് അടിച്ചേൽപിക്കുന്ന ഉത്തരവിൽ ഒപ്പിട്ട് മഷിയുണങ്ങുംമുമ്പേ പച്ചക്കള്ളം പ്രസംഗിക്കുന്നത് അപലപനീയമാണെന്നും സർക്കുലർ പിൻവലിക്കണമെന്നും അതിരൂപത സംരക്ഷണ സമിതി. രാഷ്ട്രീയക്കാരെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള ഈ പ്രവർത്തന ശൈലി അംഗീകരിക്കാനാവില്ല.
കഴിഞ്ഞ ഒക്ടോബറിൽ റോമിൽ ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന സിനഡാലിറ്റിയെക്കുറിച്ച് നടന്ന സിനഡ് തീരുമാനങ്ങളുടെ ലംഘനമാണ് മെത്രാന്മാരുടെ പ്രവൃത്തിയിൽ നിഴലിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനം ഉൾക്കൊള്ളാതെയും നടപടിക്രമം തെറ്റിച്ചും 2021ലെ സിനഡിൽ അടിച്ചേൽപിച്ച ഏകീകൃത കുർബാന ഉൾക്കൊള്ളാൻ വൈദികർക്കും വിശ്വാസികൾക്കും കഴിയില്ല. ഇതു മനഃസാക്ഷിയുടെ പ്രശ്നം കൂടിയാണ്.
സിനഡ് സർക്കുലർ ഉടൻ പിൻവലിച്ച് വൈദികരെയും വിശ്വാസികളെയും കേൾക്കാൻ തയാറാകണം. പുതിയ മേജർ ആർച്ച്ബിഷപ്പിനെയും അതിരൂപത അഡ്മിനിസ്ട്രേറ്ററെയും സിനഡിലെ മറ്റു മെത്രാന്മാരെയും അതിരൂപതയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് തക്കതായ പരിഹാരം കാണുന്നതുവരെ അതിരൂപതയിലെ ഇടവകകളിലേക്കോ സ്ഥാപനങ്ങളിലക്കോ ക്ഷണിക്കേണ്ടതില്ലെന്നും അതിരൂപത സംരക്ഷണ സമിതി തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.