പാലക്കാട്: അർബുദത്തിനും വൃക്കത്തകരാറുകൾക്കുമടക്കം കാരണമാകുന്ന സിന്തറ്റിക് നിറങ്ങൾ ഭക്ഷ്യവസ്തുക്കളിലും ഭക്ഷണത്തിലും വ്യാപകമായതായി ഭക്ഷ്യസുരക്ഷ വകുപ്പ്. 2022-23ൽ ഇതുവരെ സംസ്ഥാനത്ത് 5899 സാമ്പിളുകൾ പരിശോധിച്ച് നടപടി സ്വീകരിച്ചു. പിഴ ചുമത്തിയിട്ടും ഹോട്ടലുകളിലും ഭക്ഷ്യവസ്തു നിർമാണ യൂനിറ്റുകളിലും കൃത്രിമ നിറവും മറ്റു രാസവസ്തുക്കളും ചേർക്കുന്ന പ്രവണതയിൽ കുറവ് വന്നിട്ടില്ല. അതിനാൽ, കർശന നടപടികളിലേക്ക് നീങ്ങുകയാണെന്നും വകുപ്പ് അധികൃതർ വ്യക്തമാക്കി.
2022 ഫെബ്രുവരിയിൽ പരിശോധിച്ച ഇസഡ് കഫേ ടീ എന്ന തേയിലയിൽ കണ്ടെത്തിയത് കാർമോസിൻ, സൺസെറ്റ് യെല്ലോ, ടാർട്രാസിൻ എന്നീ സിന്തറ്റിക് നിറങ്ങളാണ്. ഒക്ടോബർ മുതൽ ഡിസംബർ വരെ നടത്തിയ പരിശോധനയിൽ ട്രെയിനുകളിലെ പാൻട്രി കാറുകളിലെ തേയിലയിൽ വൻതോതിൽ സിന്തറ്റിക് നിറം കണ്ടെത്തി. ജനുവരിയിൽ എടുത്ത പോപുലർ എന്ന ബ്രാൻഡിലുള്ള വിനാഗിരിയിൽ മിനറൽ ആസിഡും മറ്റൊന്നിൽ കോപ്പറിന്റെ അംശവും ഉണ്ടായിരുന്നു.
ആപ്പിൾ സൈഡർ വിനാഗരിയിൽ കണ്ടെത്തിയത് സൺസെറ്റ് യെല്ലോ, ടാർട്രാസിൻ, ബ്രില്യന്റ് ബ്ലൂ, പോൻസ്യൂ 4 ആർ എന്നീ കൃത്രിമ നിറങ്ങളാണ്. ശർക്കര, വെല്ലം സാമ്പിളുകളിൽ ടാർട്രാസിൻ, ബ്രില്യന്റ് ബ്ലൂ നിറങ്ങൾ ചേർക്കുന്നതായി ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ലാബ് റിപ്പോർട്ടുകളിൽ പറയുന്നു. ഡിസംബറിൽ നടത്തിയ പരിശോധനയിൽ വാഴയ്ക്കപൊരി, കശുവണ്ടി പരിപ്പ്, മിക്ചർ എന്നിവയിൽ ടാർട്രാസിൻ, പ്ലംകേക്കിൽ സോർബേറ്റ് എന്നിവയുള്ളതായി കണ്ടെത്തി. ഒക്ടോബറിൽ റസ്കിൽ ടാർട്രാസിൻ, റോസ്റ്റഡ് കപ്പലണ്ടിയിൽ സൺസെറ്റ് യെല്ലോ, നന്നാറി സർബത്തിൽ ബെൻസേയേറ്റ് എന്നിവ നിശ്ചിത അളവിൽ കൂടുതലുള്ളതായി കണ്ടെത്തിയതായും വകുപ്പ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.