കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമി വിവാദത്തിൽ സീറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ടിനെതിരെ പത്ത് ദിവസത്തിനകം അപ്പീൽ നൽകും. വത്തിക്കാൻ സുപ്രീം ട്രൈബ്യൂണലിൽ അപ്പീൽ നൽകാനാണ് അതിരൂപതയിലെ ഒരു വിഭാഗം വൈദികരുടെ തീരുമാനം. ഭൂമി വിവാദത്തിന്റെ ധാർമിക ഉത്തരവാദിത്തം മാർ ആലഞ്ചേരി ഏറ്റെടുക്കണമെന്ന് വൈദികർ ആവശ്യപ്പെട്ടു.
ഭൂമി ഇടപാട് വിവാദത്തെ കുറിച്ച് അന്വേഷിക്കാൻ വത്തിക്കാൻ നിയോഗിച്ച കമീഷന് റിപ്പോർട്ട് മാർ ആലഞ്ചേരിക്കെതിരെ ഗുരുതര ആരോപണങ്ങളും ക്രമക്കേടുകളും കണ്ടെത്തിയിരുന്നു. 19 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആലഞ്ചേരിക്കെതിരെ പ്രധാന ആരോപണത്തിൽ വസ്തുതയുണ്ടെന്നും സുതാര്യമായല്ല ഭൂമി ഇടപാട് നടന്നതെന്നും ദല്ലാളുമാരുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഭൂമി ഇടപാട് സംബന്ധിച്ച വിവാദം അവസാനിപ്പിക്കണമെന്ന് നിർദേശിച്ച വത്തിക്കാൻ, സഭക്കേറ്റ നഷ്ടം നികത്താൻ കോട്ടപ്പടി ഭൂമി വിൽക്കാനും സിനഡിനോട് നിർദേശിച്ചിരുന്നു. ഭൂമി വിറ്റ് നഷ്ടം നികത്തുക വഴി മാർ ആലഞ്ചേരിയെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ആലോചനാ സമിതിയിലെ വൈദികർ ചൂണ്ടിക്കാട്ടുന്നു.
സീറോ മലബാർ സഭയുടെ കോട്ടപ്പടി ഭൂമി വിൽക്കാനുള്ള വത്തിക്കാൻ നിർദ്ദേശത്തെ എതിർത്ത് എറണാകുളം അങ്കമാലി അതിരൂപത ഫിനാൻസ് കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. വത്തിക്കാൻ സുപ്രീം ട്രിബ്യൂണലിൽ അപ്പീൽ നൽകാനാണ് ഫിനാൻസ് കമ്മിറ്റിയുടെയും തീരുമാനം. എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടും മാർ ആലഞ്ചേരിയെ മാറ്റണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധങ്ങൾക്ക് ശേഷമാണ് ഇക്കാര്യം അന്വേഷിക്കാൻ അന്വേഷണ കമീഷനുകളെ നിയോഗിച്ചത്.
ഭൂമിക്കച്ചവടത്തിലെ ഇടനിലക്കാരനായ സാജു വർഗീസിനോട് 10 കോടി രൂപ ദീപിക പത്രത്തിൽ തെൻറ പേരിൽ ഓഹരിയായി നിക്ഷേപിക്കാൻ കർദിനാൾ ആവശ്യപ്പെെട്ടന്നാണ് വത്തിക്കാൻ നിയമിച്ച അന്താരാഷ്ട്ര ഏജൻസി കെ.പി.എം.ജിയുടെ റിപ്പോർട്ടിൽ പറയുന്നത്. സഭാ സ്വത്തുക്കളുടെ ചുമതലക്കാരൻ എന്ന നിലയിൽ ഭൂമി വിൽപനയിലും വാങ്ങലിലും അതിരൂപതയുടെ താൽപര്യങ്ങൾ കർദിനാൾ സംരക്ഷിച്ചില്ലെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.
കാനോനിക സമിതികളുടെ അംഗീകാരം നേടാതെയാണ് ഭൂമിവിൽപന നടത്തിയത്, വില നിശ്ചയിച്ചതിൽ കൃത്യതയില്ല, റിയൽ എസ്റ്റേറ്റ് ഏജൻറിനെ നിയമിച്ചതിൽ സുതാര്യതയില്ല, വിൽപനയിൽ ലഭിച്ച പണം കടം വീട്ടാനുപയോഗിച്ചില്ല, കോട്ടപ്പടി ഭൂമിക്ക് ആറ് കോടി രൂപയാണ് രജിസ്ട്രേഷൻ വിലയെങ്കിലും 15.38 കോടി രൂപയാണ് അതിരൂപത നൽകിയത്. ഇതിന് തൃപ്തികരമായ കാരണം ലഭ്യമല്ല എന്നിങ്ങനെയുള്ള വിലയിരുത്തലുകളാണ് കെ.പി.എം.ജി നടത്തിയിരിക്കുന്നത്.
2019 ഫെബ്രുവരി 23ന് സാജു വർഗീസുമായി സംസാരിക്കാറേയില്ല എന്ന് കെ.പി.എം.ജിക്ക് കർദിനാൾ മൊഴി നൽകിയിരുന്നു. എന്നാൽ, കർദിനാളിെൻറ കാൾ റെക്കോഡ് പരിശോധിച്ചപ്പോൾ 21 തവണ വിളിച്ചതായി കണ്ടെത്തി. ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ഭൂമിവിൽപന ഇടപാടുകളിൽ ശാസ്ത്രീയ അന്വേഷണം നടത്തി കെ.പി.എം.ജി വത്തിക്കാന് സമർപ്പിച്ച റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.