താനൂർ: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികമാഘോഷിക്കുമ്പോഴും സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളിൽ മലബാറിലെ തീരദേശ പട്ടണമായ താനൂരിനുള്ള പങ്ക് ചരിത്രത്തിൽ വേണ്ടയളവിൽ രേഖപ്പെടുത്തിയിട്ടില്ല. ബ്രിട്ടീഷുകാരെത്തുന്നതിന് മുമ്പേ പോർച്ചുഗീസ് അധിനിവേശത്തിനും ചൂഷണങ്ങൾക്കും വിധേയരായ താനൂരിലെ ജനതയുടെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളും അന്നേ ആരംഭിച്ചിരുന്നു.
ഇന്ത്യയിലെ പ്രഥമ പോർച്ചുഗീസ് കോളനിയായിരുന്ന താനൂർ ബ്രിട്ടീഷ് അധിനിവേശ കാലത്ത് സമരങ്ങളുടെ ആദ്യഘട്ടം മുതൽ തന്നെ ദേശീയ പ്രസ്ഥാനങ്ങൾക്കൊപ്പം നിലയുറപ്പിച്ചവരായിരുന്നു. ഗാന്ധിജി പങ്കെടുത്ത 1920ലെ കോഴിക്കോട് സമ്മേളനത്തിൽ താനൂരിൽനിന്നുള്ള മലബാർ ഖിലാഫത്ത് സമര നേതാവ് ഉമൈത്താനകത്ത് പുത്തൻ വീട്ടിൽ കുഞ്ഞിക്കാദർ പങ്കെടുത്തതോടെയാണ് വ്യവസ്ഥാപിത രൂപത്തിലുള്ള പോരാട്ടങ്ങൾക്ക് താനൂരിൽ തുടക്കമാകുന്നത്.
തുടർന്ന് ഗാന്ധിജിയുടെ നിർദേശ പ്രകാരം ഉത്തരേന്ത്യക്കാരനായ അബ്ദുൽ കരീമും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും താനൂർ സന്ദർശിക്കുകയും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഉമൈത്താനകത്ത് പുത്തൻവീട്ടിൽ കുഞ്ഞിക്കാദർ, മാളിയേക്കൽ ചെറുകോയ തങ്ങൾ, ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്ലിയാർ, ടി.കെ. കുട്ട്യസ്സൻ കുട്ടി എന്നിവരുടെ നേതൃത്വത്തിൽ ഖിലാഫത്ത് കമ്മിറ്റി രൂപവത്കരിക്കുകയുമായിരുന്നു. താനൂർ മാടത്തിങ്ങൽ മൈതാനിയിൽ ഈ യോഗത്തിൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബടക്കമുള്ളവർ സംസാരിച്ചു.
ബ്രിട്ടീഷ് വിരുദ്ധ വികാരം ജനങ്ങളിൽ ആളിക്കത്തിക്കാൻ ആലി മുസ്ലിയാരടക്കമുള്ള ഖിലാഫത്ത് നേതാക്കൾ പതിവായി താനൂരിലെത്തി സംസാരിച്ചു. പ്രമുഖ മത പണ്ഡിതൻ കൂടിയായിരുന്ന ആമിനുമ്മാനകത്ത് പരീക്കുട്ടി മുസ്ലിയാർ സമരങ്ങളുടെ നേതൃനിരയിൽ നിലയുറപ്പിച്ചതോടെ സാധാരണക്കാരായ വിശ്വാസികളൊന്നടങ്കം പോരാട്ടത്തിനിറങ്ങി. അദ്ദേഹം രചിച്ച 'മുഹിമ്മാതുൽ മുഅമിനീൻ' എന്ന ലഘു കൃതി താനൂരിലെയെന്നല്ല മലബാറിലെയാകെ വിശ്വാസികളെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിനിറങ്ങേണ്ടതിന്റെ മതപരമായ ബാധ്യത ബോധ്യപ്പെടുത്തിയുള്ളതായിരുന്നു.
റെയിൽവേ സ്റ്റേഷൻ, രജിസ്ട്രേഷൻ ഓഫിസ്, കോടതി, കനോലി കനാൽ തുടങ്ങി ഒരു നാടിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടതെല്ലാം തങ്ങൾ ചെയ്യുന്നുണ്ടെന്ന് വരുത്തിത്തീർത്ത് താനൂരുകാരെ ഒപ്പം നിർത്താൻ ശ്രമിച്ച ബ്രിട്ടീഷുകാരോട് താനൂരിലെ ജനത ആവശ്യപ്പെട്ടത് ജന്മഭൂമിയുടെ സ്വാതന്ത്ര്യം മാത്രമായിരുന്നു. ബ്രിട്ടീഷ് കോടതികളും കറൻസിയും ബഹിഷ്കരിച്ച് സ്വന്തമായി കോടതിയും കറൻസിയുമിറക്കി സ്വതന്ത്ര ഭരണം നടത്തിയ കുഞ്ഞിക്കാദർ അടക്കമുള്ള ഖിലാഫത്ത് കമ്മിറ്റിയുടെ നേതാക്കളെ ചതിയിലൂടെ താനൂരിന് പുറത്തെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു ബ്രിട്ടീഷ് പട്ടാളം.
1922 ഫെബ്രുവരി 20ന് കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ച് ഉമൈത്താനകത്ത് കുഞ്ഞിക്കാദറെന്ന താനൂരിന്റെ ധീര പോരാളിയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി. ബ്രിട്ടീഷുകാർക്ക് പിടി കൊടുക്കാതെ ഒളിവിൽ പോയ പരീക്കുട്ടി മുസ്ലിയാർ മക്കയിലേക്ക് രക്ഷപ്പെടുകയും അവിടെ മരണപ്പെടുകയുമാണുണ്ടായത്. 1942ൽ ബ്രിട്ടീഷ് ഗവൺമെന്റിനെ അട്ടിമറിക്കാനുള്ള രഹസ്യ നീക്കവുമായി താനൂരിലെത്തിയ സുഭാഷ് ചന്ദ്രബോസിന്റെ അനുയായിയായിരുന്ന വക്കം അബ്ദുൽ ഖാദറിനെ ചിലർ തടഞ്ഞു
വെച്ച് ബ്രിട്ടീഷുകാരെ ഏൽപ്പിച്ചതും താനൂരിന്റെ ചരിത്രത്തിലെ നോവുന്ന ഓർമകളാണ്. 1942 ൽ അദ്ദേഹത്തെയും ബ്രിട്ടീഷുകാർ തൂക്കിലേറ്റുകയായിരുന്നു. നൂറുകണക്കിന് പോരാളികളുടെയും ചരിത്ര സംഭവങ്ങളുടെയും തുടിക്കുന്ന ഓർമകൾ താനൂരിലെ വരും തലമുറക്ക് പകർന്നു കൊടുക്കാൻ ഉചിതമായ സ്മാരകം നിർമിക്കാൻ പോലും സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുമ്പോഴും അധികാരികൾക്കായിട്ടില്ലെന്നത് സങ്കടകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.