പാലക്കാട്​ സ്മാർട്ട്​ സിറ്റി ഏകോപനത്തിന്​ കർമസേന; ആഗോള ടെൻഡർ ക്ഷണിക്കും

തിരുവനന്തപുരം: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിങ്​ ക്ലസ്റ്ററിന്‍റെ തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്​ ടാസ്ക് ഫോഴ്സ് രൂപവത്​കരിച്ചു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി. എം. മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി എസ്. ഹരികിഷോർ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, ജനറൽ മാനേജർ അമ്പിളി എന്നിവരാണ് ടാസ്ക് ഫോഴ്സ് അംഗങ്ങൾ.

പദ്ധതിക്കായി ആഗോള ടെൻഡർ ക്ഷണിക്കും. പ്രോജക്ട് മാനേജ്മെന്‍റ്​ കൺസൾട്ടന്‍റിനെയും നിശ്ചയിക്കും. ഇതിന്​ സമയക്രമം നിശ്ചയിച്ചതായി മന്ത്രി പി. രാജീവ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. പദ്ധതി പ്രദേശത്തേക്ക് വൈദ്യുതി, വെള്ളം, റോഡ് ഉൾപ്പെടെ ബാഹ്യ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്​ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന തല നെറ്റ്​വർക് പ്ലാനിങ്​ കമ്മിറ്റി പദ്ധതി തയാറാക്കും. പദ്ധതി പ്രദേശത്തിന് പ്രത്യേക വ്യവസായ ടൗൺഷിപ് പദവിയും നൽകും. ഏകജാലക സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും.

വ്യവസായ, വാണിജ്യ, പാർപ്പിട, പൊതുസേവന ആവശ്യങ്ങൾക്ക്​ ഉപയോഗിക്കുന്ന ഭൂമിയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ളതാണ് മാസ്റ്റർപ്ലാൻ. 3806 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ 50 ശതമാനം ചെലവും സംസ്ഥാനം വഹിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപറേഷനെന്ന എസ്.പി.വി മുഖേനയാണ് വ്യവസായ ഇടനാഴി പ്രോജക്ട് നടപ്പാക്കുന്നത്.

ഭക്ഷ്യ സംസ്കരണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, എയ്റോസ്പേസ്, മെഡിസിനൽ കെമിക്കൽസ്, ബൊട്ടാണിക്കൽ ഉൽപന്നങ്ങൾ, ടെക്സ്റ്റൈൽസ്, നോൺ മെറ്റാലിക്-മിനറൽ പ്രോഡക്റ്റ്സ്, റബർ-പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, സെമി കണ്ടക്റ്ററുകൾ, ഇന്‍റഗ്രേറ്റഡ് സർക്യൂട്ട്, പ്രിന്‍റഡ് സർക്യൂട്ട്, നാനോടെക് ഉൽപന്നങ്ങൾ, ലിക്വിഡ് ക്രിസ്റ്റൽ ഡിവൈസസ്, ഡാറ്റ പ്രോസസിങ്​ മെഷീൻ, ട്രാൻസ് മിഷൻ ഷാഫ്റ്റുകൾ, പി.വി.സി പൈപ്പ്, ട്യൂബുകൾ, പോളിയുറേത്തിൻ തുടങ്ങി വിവിധ മേഖലകളിൽ വ്യവസായ സംരംഭങ്ങൾ പാലക്കാട് ഉയർന്നുവരും. പ്രാദേശിക-കയറ്റുമതി വിപണികൾ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളാവും ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - Task force for coordination of Palakkad Smart City; Global tender will be invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.