'നേരത്തെ അംഗത്വം നഷ്ടമായയാൾ എങ്ങനെ രാജിവെക്കും'; ആഷിഖ് അബുവിന്റെ രാജി വിചിത്രമെന്ന് ഫെഫ്ക

കൊച്ചി: സംവിധായകൻ ആഷിഖ് അബുവിന്‍റെ ഫെഫ്ക ഡയറക്ടേഴ്സ് യൂനിയനിൽനിന്നുള്ള രാജി പ്രഖ്യാപനം വിചിത്രമെന്ന് ജനറൽ സെക്രട്ടറി ജി.എസ്. വിജയൻ, പ്രസിഡൻറ് രൺജി പണിക്കർ എന്നിവർ വാർത്തക്കുറിപ്പിൽ പറഞ്ഞു. ദീർഘകാലം സംഘടനയിൽനിന്ന്​ വിട്ടുനിന്നശേഷം കഴിഞ്ഞ 12ന് അംഗത്വം പുതുക്കുന്നതിന് അപേക്ഷിച്ച ആഷിഖ് അബു ഇപ്പോൾ രാജി പ്രഖ്യാപിക്കുന്നത് വിചിത്രമാണ്.

അദ്ദേഹത്തിന്‍റെ അംഗത്വം പുതുക്കേണ്ടതില്ലെന്നും അടച്ച തുക തിരികെ അയച്ചുകൊടുക്കുമെന്നും യൂനിയൻ തീരുമാനിച്ചതായും അവർ അറിയിച്ചു. എട്ടുവർഷമായി വാർഷിക വരിസംഖ്യ അദ്ദേഹം അടച്ചിട്ടില്ല.

ആറ് വർഷത്തിലധികം വരിസംഖ്യ കുടിശ്ശികയുള്ളവർ അംഗത്വം പുതുക്കാനാകാത്ത വിധം പുറത്താകും. അത്തരം വ്യക്തികൾക്ക് കുടിശ്ശിക അടക്കാൻ ഒരവസരം കൂടി നൽകണമെന്ന യൂനിയൻ സമീപനമറിഞ്ഞാണ് 12ന് ആഷിഖ് അബു കുടിശ്ശിക പിഴയും ചേർത്ത് അടച്ചത്. ഇത് അടുത്ത എക്സിക്യൂട്ടിവിൽ ചർച്ച ചെയ്യാനിരിക്കെയാണ് വിചിത്രമായ രാജി പ്രഖ്യാപനം.

2018ൽ നിർമാതാവിൽനിന്ന് കിട്ടാനുള്ള പ്രതിഫലം വാങ്ങിക്കൊടുത്തതിന് യൂനിയൻ ജനറൽ സെക്രട്ടറിയായിരുന്ന സിബി മലയിൽ 20 ശതമാനം കമീഷൻ ആവശ്യപ്പെട്ടെന്ന് ആഷിഖ് അബു വ്യാജ ആരോപണം ഉന്നയിച്ചിരുന്നുവെന്നും അത് തെളിവുനിരത്തി സംഘടന നിർവീര്യമാക്കിയിരുന്നുവെന്നും അവർ പറഞ്ഞു.

ദൈനംദിന പ്രവർത്തനങ്ങൾക്കുപോലും സാമ്പത്തിക പ്രയാസമനുഭവിച്ച സംഘടനയുടെ തുടക്ക കാലത്ത്, സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കുമ്പോൾ 10 ശതമാനം പ്രവർത്തന ഫണ്ടിലേക്ക് സ്വമനസ്സാലേ സംഭാവന ചെയ്യുന്ന മറ്റ് ചലച്ചിത്ര തൊഴിലാളി ഫെഡറേഷനുകൾ അനുവർത്തിച്ചുപോരുന്ന രീതി ഫെഫ്കയും അവലംബിച്ചിരുന്നു. അംഗങ്ങൾക്കിടയിൽ ചർച്ച ചെയ്ത് അഭിപ്രായ ഏകീകരണം ഉണ്ടാക്കിയ ശേഷമാണ് ഫെഫ്കയും ഈ രീതി സ്വീകരിച്ചത്. എന്നാൽ, തർക്കം പരിഹരിക്കപ്പെട്ടശേഷം ആഷിഖ് അബു സിബി മലയിലിനോട് അപമര്യാദയായി പെരുമാറി. പൂർണ മനസ്സോടെ സംഭാവന ചെയ്യാത്തതിനാൽ ആഷിഖ് അബു അയച്ച 92,500 രൂപ യൂനിയൻ തിരിച്ച്​ അയച്ചിരുന്നു. വിഷയത്തിലെ കാരണം കാണിക്കൽ നോട്ടീസിന് ഇനിയും മറുപടി ലഭിച്ചിട്ടുമില്ലെന്ന് അവർ വ്യക്തമാക്കി. 

Tags:    
News Summary - FEFCA Directors Union says that Ashiq Abu's resignation announcement is strange

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.