വടിയെടുത്ത് കോടതി; വയനാട് പുനരധിവാസം ഒരാഴ്ചക്കകം പൂർത്തിയാക്കണം

കൊച്ചി: വയനാട് മേപ്പാടിയിൽ ഉരുൾ ദുരന്തത്തിൽ ഇരയായവരുടെ പുനരധിവാസം ഒരാഴ്ചക്കകം പൂർത്തിയാക്കണമെന്ന് ഹൈകോടതി. ദുരന്തം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിരിക്കെ ദുരന്തബാധിതർ അനിശ്ചിതമായി ക്യാമ്പുകളിൽ തുടരുന്ന സാഹചര്യം ഉണ്ടാവരുത്. ഇവരെ വീടുകളിലേക്ക് മാറ്റണമെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.കെ. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

മുഴുവൻ ചികിത്സാ ചെലവും സർക്കാർതന്നെ ആശുപത്രിയിൽ നേരിട്ട് അടക്കണം. സഹായധനത്തിൽനിന്ന് ബാങ്കുകൾ വായ്പാ കുടിശ്ശിക പിടിക്കുന്നുണ്ടെങ്കിൽ അറിയിക്കണം. ദുരന്തത്തെ തുടർന്ന് സ്വമേധയാ എടുത്ത കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്. എല്ലാ വെള്ളിയാഴ്ചയും ആദ്യ കേസായാണ് വിഷയം പരിഗണിക്കുന്നത്.

ക്യാമ്പുകളിൽ കഴിയുന്നവരെ മാറ്റാൻ ആവശ്യമെങ്കിൽ സർക്കാറിന് റിസോർട്ടുകളും ഹോട്ടലുകളുമടക്കമുള്ളവ ഏറ്റെടുക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. ക്യാമ്പിൽ കഴിയുന്ന ചിലർക്ക് മാറാൻ താൽപര്യമില്ലെന്നായിരുന്നു സർക്കാറിന്‍റെ മറുപടി. അതിന് എന്തെങ്കിലും കാരണം കാണുമെന്നും അത് അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു. എത്രപേർ മാറിയെന്നത് സംബന്ധിച്ച വിവരം അടുത്തയാഴ്ച നൽകണം. താമസക്കാരുടെ സ്വകാര്യത ഉറപ്പുവരുത്താൻ വീടുകളാണ് ആവശ്യം. വീടുനിർമാണം വൈകാതെ പൂർത്തിയാക്കണം.

ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ പ്രായപൂർത്തിയായ രണ്ട് വ്യക്തികൾക്ക് 300 രൂപവീതം നൽകുന്ന പദ്ധതി എത്രനാൾ തുടരാനാവും. കേടുപാട് സംഭവിച്ച വീടുകളുടെ നവീകരണമടക്കം നടപടികളും കോടതി വിലയിരുത്തി. ദുരന്തബാധിതരോട് വിട്ടുവീഴ്ച ചെയ്യുന്നതിൽ എല്ലാ ബാങ്കുകൾക്കും ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ട്. ധനസഹായത്തിൽനിന്ന് ബാങ്കുകൾ ഇ.എം.ഐ ഈടാക്കിയാൽ സർക്കാർ റിപ്പോർട്ട് നൽകണം. പരാതികളും പ്രശ്‌നങ്ങളും അറിയിക്കാൻ ഹെൽപ് ഡെസ്‌ക് തുടങ്ങണം. കോടതി ആവശ്യപ്പെടുന്ന കാര്യങ്ങളിൽ സമയബന്ധിതമായി റിപ്പോർട്ട് ഹാജരാക്കുകയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഓൺലൈനിൽ ഹാജരാവുകയോ വേണം.

മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ കാര്യം അറിയിക്കണം. ടൗൺഷിപ് പോലുള്ള നിർമിതികൾ ഗുണകരമല്ലെന്ന ഗാർഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയ കോടതി, ടൗൺഷിപ് അടക്കമുള്ള നിർമാണങ്ങൾ തുടങ്ങുന്നതിന് മുമ്പ് അറിയിക്കണമെന്നും നിർദേശിച്ചു.

Tags:    
News Summary - Wayanad rehabilitation should be completed within a week -High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.