ടാറ്റയുടെ ഭൂമിക്ക് ഭൂപരിഷ്കരണ നിയമ ഇളവുകള്‍ അനുവദിക്കാനാവില്ളെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍

കൊച്ചി: മൂന്നാറില്‍ ടാറ്റയുടെ കൈവശമുള്ള ഭൂമിക്ക് കണ്ണന്‍ ദേവന്‍ ഹില്‍സ് ആക്ട് (ഭൂമി തിരിച്ചുപിടിക്കല്‍) മാത്രമാണ് ബാധകമെന്നതിനാല്‍ ഭൂപരിഷ്കരണ നിയമഭേദഗതിയില്‍ അനുവദിച്ച ഇളവുകള്‍ക്ക് അര്‍ഹതയില്ളെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. ആകെ ഭൂമിയുടെ അഞ്ചുശതമാനംവരെ ടൂറിസം പദ്ധതികളുടെ ഭാഗമായി ബംഗ്ളാവുകളും ഹോം സ്റ്റേകളും അനുവദിക്കാമെന്ന ഭൂപരിഷ്കരണ നിയമത്തിലെ ഭേദഗതി കണ്ണന്‍ ദേവന്‍ പ്ളാന്‍േറഷന് ബാധകമാവില്ല. അതിനാല്‍, ഇവരുടെ കൈവശമുള്ള 24 ബംഗ്ളാവുകള്‍ ഹോം സ്റ്റേകളും റിസോര്‍ട്ടുകളുമായി മാറ്റാനോ വാടകക്ക് നല്‍കാനോ അനുവദിക്കാനാവില്ളെന്ന് റവന്യൂ വകുപ്പ് ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. കൈവശമുള്ള ബംഗ്ളാവുകള്‍ സര്‍ക്കാറിന് വിട്ടുനല്‍കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.

ബംഗ്ളാവുകള്‍ റിസോര്‍ട്ട് ആക്കാന്‍ പഞ്ചായത്തുകള്‍ അനുമതി നല്‍കിയിട്ടും സര്‍ക്കാര്‍ അംഗീകരിക്കാത്തത് ചോദ്യംചെയ്ത് കണ്ണന്‍ ദേവന്‍ പ്ളാന്‍േറഷന്‍സ് നല്‍കിയ ഹരജിയിലാണ് സര്‍ക്കാറിന്‍െറ വിശദീകരണം. ഭൂപരിഷ്കരണ നിയമത്തില്‍ കൊണ്ടുവന്ന 2012ലെ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിപ്പിക്കാന്‍ തങ്ങള്‍ക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്. എന്നിട്ടും സര്‍ക്കാര്‍ തടയുന്നത് അന്യായമാണെന്നാണ് ഹരജിയില്‍ ചുണ്ടിക്കാട്ടിയത്. എന്നാല്‍, കണ്ണന്‍ ദേവന്‍ ഹില്‍സ് ആക്ട് മാത്രമാണ് ഹരജിക്കാര്‍ക്ക് ബാധകമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
സര്‍ക്കാര്‍ പാട്ടത്തിന് കൊടുത്തിരിക്കുന്ന ഭൂമിയാണ് കണ്ണന്‍ ദേവന്‍െറ  കൈവശമുള്ളത്. കണ്ണന്‍ ദേവന്‍ ഹില്‍സ് ആക്ട് പ്രകാരം ഹരജിക്കാരുടെ കൈവശമുള്ള ഭൂമി സര്‍ക്കാറില്‍ നിക്ഷിപ്തമായതാണ്. അതിനാല്‍, ഈ ഭൂമിയില്‍ ഉടമസ്ഥത അവകാശപ്പെടുന്നത് പാട്ട വ്യവസ്ഥയുടെ ലംഘനമാണ്. പാട്ടക്കാരന്‍ മാത്രമായ ഹരജിക്കാര്‍ സര്‍ക്കാറിന്‍െറ ഉടമസ്ഥതയിലുള്ള ബംഗ്ളാവുകളാണ് ടൂറിസത്തിന്‍െറ ഭാഗമായി റിസോര്‍ട്ടുകളാക്കാനും വാടകക്ക് നല്‍കാനും ശ്രമിക്കുന്നത്. ഹരജിക്കാര്‍ കൈവശം വെച്ചിരിക്കുന്ന ഓരോ ബംഗ്ളാവും സര്‍ക്കാറിന്‍െറതാണ്. കോടികള്‍ വില വരുന്ന ഇവയുടെ പാരമ്പര്യമൂല്യംകൂടി ചേര്‍ക്കുമ്പോള്‍ പിന്നെയും ഇതിന്‍െറ വില പല മടങ്ങ് വര്‍ധിക്കും. ഈ കെട്ടിടങ്ങള്‍ സ്വകാര്യസ്ഥാപനങ്ങള്‍ ടൂറിസം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലൂടെ അവര്‍ക്ക് അന്യായനേട്ടവും സര്‍ക്കാറിന് വലിയ നഷ്ടവുമാണ് ഉണ്ടാവുക.

പ്ളാന്‍േഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുവേണ്ടി നിര്‍മിച്ച ബംഗ്ളാവുകള്‍ നിലവില്‍ ഉപയോഗമില്ലാത്തതാണെന്ന് ഹരജിക്കാര്‍ സമ്മതിച്ചിട്ടുണ്ട്. സര്‍ക്കാറിന്‍െറ ഉടമസ്ഥയിലെ ഭൂമിയിലുള്ള ആവശ്യമില്ലാത്ത ബംഗ്ളാവുകള്‍ സര്‍ക്കാറിനെ തിരികെ ഏല്‍പിക്കുകയാണുവേണ്ടത്. ഭൂമി കൈമാറിയ ആവശ്യത്തിനല്ലാതെ അവ ഉപയോഗിക്കണമെങ്കില്‍പോലും ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന നിയമപരമായ അനുമതി ഉണ്ടായിരിക്കണമെന്ന ചട്ടം നിലവിലുണ്ട്. കണ്ണന്‍ ദേവന്‍ ഹില്‍സ് നിയമപ്രകാരമുള്ള പാട്ടഭൂമിയില്‍ റിസോര്‍ട്ടുകളും ഹോട്ടലുകളും പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ല. സര്‍ക്കാര്‍ഭൂമി കൈയേറ്റം, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ ഒട്ടേറെ ക്രിമിനല്‍ കേസുകള്‍ ഹരജിക്കാര്‍ക്കെതിരെ നിലവിലുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് ഹരജി തള്ളണമെന്നാണ് സര്‍ക്കാറിന്‍െറ ആവശ്യം.
കേസ് കഴിഞ്ഞദിവസം പരിഗണിക്കവേ ഹരജി പിന്‍വലിക്കാനുള്ള സന്നദ്ധത കണ്ണന്‍ ദേവന്‍ പ്ളാന്‍േറഷന്‍സിന്‍െറ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, സര്‍ക്കാറിന്‍െറ എതിര്‍പ്പുകൂടി കണക്കിലെടുത്ത് ഹരജി പിന്നീട് വീണ്ടും പരിഗണിക്കാന്‍ കോടതി മാറ്റി.

Tags:    
News Summary - TATA estates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.