തിരുവനന്തപുരം: പേന കൊണ്ടുള്ള ഏറിൽ ഒന്നാം ക്ലാസ് വിദ്യാർഥിക്ക് കാഴ്ച നഷ്ടപ്പെട്ട കേസിൽ അധ്യാപികക്ക് ഒരുവർഷം തടവും മൂന്നുലക്ഷം രൂപ പിഴയും. മലയിൻകീഴ് കണ്ടല സർക്കാർ സ്കൂളിലെ അധ്യാപിക ഷെരീഫ ഷാജഹാനെയാണ് തിരുവനന്തപുരം പോക്സോ കോടതി ശിക്ഷിച്ചത്. സഹപ്രവർത്തകരായ അധ്യാപകർ കൂട്ടത്തോടെ കൂറുമാറിയ കേസിലാണ് വിധി.
2005 ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം. വിദ്യാർഥി ക്ലാസിൽ കൂട്ടുകാരുമായി സംസാരിച്ചതിൽ പ്രകോപിതയായ അധ്യാപിക കൈയിലുണ്ടായിരുന്ന ബോൾ പേന കുട്ടിക്കുനേരെ എറിയുകയായിരുന്നു.
പേന കുട്ടിയുടെ ഇടതുകണ്ണിൽ തുളച്ചുകയറി. സംഭവം അറിഞ്ഞ് എത്തിയ മറ്റൊരു അധ്യാപകൻ കുട്ടിയെ മുഖം കഴുകാൻ കൊണ്ടുപോകവേ അധ്യാപിക വീണ്ടും അടിച്ചു.
ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടറുടെ ചോദ്യത്തിന് ക്രിക്കറ്റ് കളിക്കുന്നതിനിടെ ബാൾ കൊണ്ടതാണെന്നായിരുന്നു സഹാധ്യാപകെൻറ മറുപടി. എന്നാൽ, അധ്യാപിക പേന എറിഞ്ഞതാണെന്ന് വിദ്യാർഥി പറഞ്ഞു.
ഡോക്ടർ കുട്ടിയുടെ മറുപടി രേഖപ്പെടുത്തുകയും ചെയ്തു. മൂന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും കാഴ്ച പൂർണമായി നഷ്ടമായി. സ്കൂളിലെ പ്രധാനാധ്യാപകൻ അടക്കം മൂന്ന് അധ്യാപകർ കേസിൽ കൂറുമാറി. എന്നാൽ, വിദ്യാർഥിയുടെയും പിതാവിെൻറയും മൊഴികളും ശാസ്ത്രീയ തെളിവുകളും നിർണായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.