ദീർഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയ അധ്യാപകരുടെ കണക്കെടുക്കും -മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: അധ്യാപകരായി ജോലിയിൽ പ്രവേശിച്ച് ദീർഘകാല അവധിയിലോ, ഡെപ്യൂട്ടേഷനിലോ പോയവരുടെ കണക്കെടുക്കുമെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. അധ്യാപകർ അവരുടെ ചുമതലപ്പെട്ട ജോലിയിൽ നിന്നു മാറി മറ്റു ജോലികൾ ചെയ്യുന്ന രീതി ആശാസ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.

കേരള അധ്യാപക സാനറ്റോറിയ സൊസൈറ്റി സംഘടിപ്പിച്ച അധ്യാപകരുടെ യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പി.എസ്.സി അഡ്വൈസ് മെമ്മോ നൽകിയിട്ടും പലയിടത്തും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർ നിയമനം നൽകുന്നില്ലെന്ന് ചില കോണുകളിൽനിന്ന് പരാതി ഉയർന്നിട്ടുണ്ട്. എയ്ഡഡ് സ്കൂൾ അധ്യാപകരുടെ നിയമന അംഗീകാര ഫയലുകളും തീർപ്പാക്കാൻ താമസിക്കുന്നു എന്ന് പരാതിയുണ്ട്. ഇത്തരത്തിൽ പരാതി ഉയരാത്ത സാഹചര്യം ഉദ്യോഗസ്ഥർ ഉണ്ടാക്കണം. ഒരു സാഹചര്യത്തിലും ഫയൽ കെട്ടികിടക്കുന്ന സാഹചര്യം ഉണ്ടാവരുത്.

ഹയർ സെക്കൻഡറി വിഭാഗത്തിലെ റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസുകളുടെ പ്രവർത്തനം സംബന്ധിച്ചുള്ള പരാതികളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സത്വര നടപടികൾ ഇക്കാര്യത്തിൽ ഉണ്ടാകും. അദാലത്തിലൂടെ കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ നടപടിയുണ്ടാകും. വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകളിൽ 48.5 ശതമാനത്തിന്മേൽ കർശനമായ ഇടപെടലിലൂടെ തീർപ്പുണ്ടാക്കി. ഈ മാതൃക മറ്റ് വിദ്യാഭ്യാസ ഓഫിസുകളിലും പിന്തുടരുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Teachers who have gone on long leave or deputation will be counted - Minister V. Shivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.