തിരുവനന്തപുരം: തർക്കങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻ നടപടികളുമായി മുന്നോട്ടുപോകാൻ കേരളം നിയോഗിച്ച സാങ്കേതിക സമിതി റിപ്പോർട്ട്. പരിസ്ഥിതി പഠനത്തെക്കുറിച്ചുള്ള ഏജൻസിയുടെ അന്തിമ റിപ്പോർട്ട് ഒരു മാസത്തിനകം ജലസേചന വകുപ്പിനു കൈമാറും. ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ, കുമളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്ന് 366 മീറ്റർ താഴെയാണ് പുതിയ അണക്കെട്ടിനായി കേരളം സ്ഥലം കണ്ടെത്തിയത്.
അതേസമയം, വിഷയത്തിൽ കേരളവും തമിഴ്നാടും തമ്മിലുള്ള അഭിപ്രായഭിന്നതകൾ കൂടി പരിഹരിക്കപ്പെടാനുണ്ട്. അത് എത്രയുംവേഗം വേണമെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി നിർദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ചീഫ് സെക്രട്ടറിതലത്തിൽ പ്രാഥമിക ചർച്ചയും നടന്നു.
പുതിയ ഡാം നിർമിക്കുന്നതിന് മുന്നോടിയായി കരാർ ഏജൻസി നൽകിയ പരിസ്ഥിതി ആഘാത പഠനത്തിന്റെ കരട് റിപ്പോർട്ടാണ് ജലസേചന വകുപ്പിലെയും തൃശൂർ പീച്ചി കേരള വനഗവേഷണ കേന്ദ്രത്തിന്റെയും വിദഗ്ധർ ഉൾപ്പെടുന്ന സാങ്കേതികസമിതി പരിശോധിച്ചത്. ഇപ്പോഴുള്ള പഴയ ഡാമിന്റെയും പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന ഡാമിന്റെയും വൃഷ്ടിപ്രദേശത്തെ പരിസ്ഥിതി ആഘാതത്തെക്കുറിച്ചാണ് കരാർ ഏജൻസിയായ ഹൈദരാബാദിലെ പ്രഗതി ലാബ്സ് ആൻഡ് കൺസൽട്ടൻസ് പ്രൈവറ്റ് ലിമിറ്റഡ് പഠനം നടത്തിയത്. മേഖലയിലെ ജീവജാലങ്ങളെയും സസ്യങ്ങളെയും പരിസ്ഥിതിയെയും ഡാമിന്റെ നിർമാണം ഒരു തരത്തിലും ബാധിക്കില്ലെന്നും കരട് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.