കൊച്ചി: ലാൻഡ് ബാങ്കിന് തഹസിൽദാർമാർ റിപ്പോർട്ട് സമർപ്പിക്കുന്നില്ലെന്ന് അക്കൗണ്ടൻറ് ജനറൽ (എ.ജി) റിപ്പോർട്ട്. ആലുവ താലൂക്ക് ഓഫിസിൽ നടത്തിയ പരിശോധനയിൽ ഭൂമിയുടെ പാട്ടം പുതുക്കുന്നതിലെ കാലതാമസവും പാട്ട വാടക കുടിശ്ശിക പിരിച്ചെടുക്കാത്തതും കാരണം 2017-18 മുതൽ 2019-20 വരെയുള്ള 46.92 ലക്ഷം രൂപ പാട്ട കുടിശ്ശികയുണ്ടെന്ന് കണ്ടെത്തി. ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ചാണ് സർക്കാർ പുറമ്പോക്ക് ഭൂമി വ്യക്തികൾക്ക് പാട്ടത്തിന് നൽകിയിട്ടുള്ളത്. അത് മൂന്ന് വർഷത്തിൽ കൂടാത്ത കാലയളവിലേക്ക് അനുവദിക്കുകയും മൂന്ന് വർഷത്തിലൊരിക്കൽ പുതുക്കുകയും വേണം. ഓരോ വർഷവും ഏപ്രിൽ 30നകം പാട്ട വാടക മുൻകൂറായി അടക്കണം.
2011ലെ ഉത്തരവ് പ്രകാരം തഹസിൽദാർ എല്ലാ പൊതുഭൂമികളും പാട്ടഭൂമികളും കുറഞ്ഞത് വർഷത്തിൽ നാലു തവണ പരിശോധിക്കണം. അത് സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കി സംസ്ഥാന ലാൻഡ് ബാങ്കിന് സമർപ്പിക്കേണ്ടതാണ്. എന്നാൽ, സർക്കാർ ഉത്തരവ് കാറ്റിൽപറത്തിയാണ് താലൂക്ക് ഓഫിസുകൾ പ്രവർത്തനം തുടരുന്നതെന്നാണ് എ.ജിയുടെ കണ്ടെത്തൽ. ഉത്തരവിൽ നിർദേശിച്ചതുപോലെ ഇതുവരെ പരിശോധന നടത്തി ലാൻഡ് ബാങ്കിന് റിപ്പോർട്ട് ചെയ്തിട്ടില്ല.
ആലുവ പോലെ പല ഓഫിസുകളിലും സമയബന്ധിതമായി ഇത്തരം പ്രവർത്തനം നടക്കുന്നില്ല. പാട്ടവാടക രജിസ്റ്ററും അനുബന്ധ രേഖകളും പരിശോധിച്ചതിൽ സർക്കാർ പുറമ്പോക്ക് ഭൂമി 41 പേർക്ക് പതിവ് നൽകിയതായി കണ്ടെത്തി. ഭൂമി പാട്ടത്തിനെടുത്ത 41 പേരിൽ, പാട്ടക്കാരാരും 2020-21ൽ പാട്ടം പുതുക്കിയില്ല, 2019-20 വരെ 17 പേർമാത്രമാണ് പുതുക്കിയത്.
വില്ലേജുകളായ കറുകുറ്റി- 22,218 രൂപ, പാറക്കടവ് -1,79,807രൂപ, ചൂർണിക്കര-3628രൂപ, കീഴ്മാട്-5,94,916രൂപ, വടക്കുംഭാഗം-9,54,205രൂപ , മറ്റൂർ- 145 രൂപ, കാലടി-7,58,812 രൂപ, നെടുമ്പാശ്ശേരി-35,561രൂപ , അങ്കമാലി-1443രൂപ , ആലുവ (പടിഞ്ഞാറ്) -21,39,751രൂപ, അയ്യമ്പുഴ-1,706 രൂപ, മലയാറ്റൂർ-27 രൂപ എന്നിങ്ങനെയാണ് പരിശോധനയിൽ കണ്ടെത്തിയ പാട്ടകുടിശ്ശിക.
ലാൻഡ് റവന്യൂ കമീഷണറുടെ നോട്ടീസ് ലഭിച്ചതിന് ശേഷവും പാട്ടത്തിനെടുത്തയാൾ പാട്ടം അടക്കാതിരുന്നാൽ, അത്തരം കേസുകളിൽ പട്ടയം റദ്ദാക്കുന്നതിനായി സർക്കാറിനെ അറിയിക്കും. എന്നാൽ, സർക്കാർ ഉത്തരവ് പ്രകാരം നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.