കെ റെയിലിന് താൽകാലിക അന്ത്യം; കല്ലിടാൻ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: വിവാദമായ കെ റെയിൽ പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികൾ സംസ്ഥാന സർക്കാർ നിർത്തിയതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന ഇരുന്നൂറോളം ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പിലേക്ക് തിരികെ വിളിക്കാനുള്ള ഉത്തരവ് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് പുറത്തിറക്കിയത്.

സാമൂഹികാഘാത പഠനത്തിനുള്ള പുനർവിജ്ഞാപനം പദ്ധതിക്ക് കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അന്തിമാനുമതി ലഭിച്ച ശേഷം മാത്രമേ ഉണ്ടാവൂ. അതിന് ശേഷം ഭൂമി ഏറ്റെടുക്കുന്ന പ്രത്യേക സംഘങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചാൽ മതിയെന്ന തീരുമാനമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. തിരികെ വിളിക്കുന്ന ഉദ്യോഗസ്ഥരെ അടിയന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കേണ്ട സർക്കാറിന്‍റെ മറ്റ് പദ്ധതികളിലേക്ക് പുനർവിന്യസിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

കെ റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കലിന് 11 ലാൻഡ് അക്യുസിഷൻ യൂനിറ്റുകൾക്കാണ് സംസ്ഥാന സർക്കാർ രൂപം നൽകിയത്. ഓരോ യൂനിറ്റിലും 11 ഉദ്യോഗസ്ഥർ വീതം ഉണ്ടായിരുന്നു. ഒരു ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ ഏഴ് ഉദ്യോഗസ്ഥർ അടങ്ങിയ സംഘം എറണാകുളം കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബർ എട്ടിന് യൂനിറ്റുകളുടെ കാലാവധി സർക്കാർ നീട്ടി നൽകിയിരുന്നു.

ഭൂമിയേറ്റെടുക്കലിന് നിയോഗിച്ച ഉദ്യോഗസ്ഥരെ പിൻവലിക്കാനും പുനർവിന്യസിക്കാനുമുള്ള സർക്കാറിന്‍റെ നിർണായക തീരുമാനത്തിന് പിന്നാലെ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് വിശദീകരിച്ച് കെ-റെയിൽ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നിര്‍ദിഷ്ട കാസര്‍കോട്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര സര്‍ക്കാറോ സംസ്ഥാന സര്‍ക്കാറോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നുമാണ് വാർത്തക്കുറിപ്പിൽ കെ-റെയിൽ വ്യക്തമാക്കിയത്.

കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. റെയില്‍വേ ബോര്‍ഡിന്റെ അന്തിമാനുമതി കിട്ടുന്ന മുറക്ക് തുടര്‍നടപടികളിലേക്ക് കടക്കും. റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ കെ-റെയില്‍ കോര്‍പറേഷന്‍ ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഹൈഡ്രോളജിക്കല്‍ പഠനം, സമഗ്ര പാരിസ്ഥിതി ആഘാത വിലയിരുത്തല്‍ പഠനം, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയവ വിവിധ ഏജന്‍സികൾ പൂര്‍ത്തിയാക്കി വരുകയാണ്.

സില്‍വർ ലൈന്‍ അലൈന്‍മെന്റില്‍ വരുന്ന റെയില്‍വേ ഭൂമിയുടെയും നിലവിലെ റെയില്‍വേ കെട്ടിടങ്ങളുടെയും റെയില്‍ ക്രോസുകളുടെയും വിശദ രൂപരേഖ സമര്‍പ്പിക്കാന്‍ റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളാണ് ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് കൈമാറിയത്. ഡി.പി.ആര്‍ പരിശോധിച്ച് ബോര്‍ഡ് ഉന്നയിച്ച മറ്റ് സംശയങ്ങള്‍ക്കെല്ലാം കെ-റെയില്‍ നേരേത്തതന്നെ മറുപടി നല്‍കിയിരുന്നു. പദ്ധതി കടന്നുപോകുന്ന ഒമ്പത് ജില്ലകളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭൂമി സില്‍വർ ലൈനിന് ആവശ്യമായി വരുന്നുണ്ടെന്നും അധികൃതർ വിശദീകരിച്ചിരുന്നത്.  

Tags:    
News Summary - Temporary end to K Rail, Govt order calling back officials assigned to lay stones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.