സംസ്​ഥാനത്തെ വാക്​സിൻ ക്ഷാമത്തിന്​ താൽക്കാലിക പരിഹാരം; മൂന്ന്​ ലക്ഷം ഡോസ്​ ഇന്നെത്തും

തിരുവനന്തപുരം: സംസ്​ഥാനത്തെ വാക്​സിൻ ക്ഷാമത്തിന്​ താൽക്കാലിക പരിഹാരമാകുന്നു. ചൊവ്വാഴ്ച ഉച്ചയോടെ മൂന്ന്​ ലക്ഷം ഡോസ്​ വാക്​സിൻ തിരുവനന്തപുരത്ത്​ എത്തും. ബുധനാഴ്ച മുതൽ എല്ലാ ജില്ലകളിലും വാക്​സിനേഷൻ പുനരാരംഭിക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, കേരളത്തിലെ വാക്​സിൻ ക്ഷാമം കോൺഗ്രസ്​ പാർലമെന്‍റിൽ ഉന്നയിക്കാൻ തീരുമാനിച്ചിട്ടുണ്ട്​​. അടിയന്തര പ്രമേയമായി ഉന്നയിക്കുമെന്ന്​ ബെന്നി ബെഹനാൻ എം.പി അറിയിച്ചു.

സംസ്ഥാനത്തെ വാക്‌സിന്‍ സ്ഥിതി വിലയിരുത്താൻ ആരോഗ്യ വകുപ്പിന്‍റെ അടിയന്തര യോഗം തിങ്കളാഴ്ച ചേർന്നിരുന്നു. വാക്‌സിന്‍ ക്ഷാമം കാരണം പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ചൊവ്വാഴ്ച പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്​. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നിട്ടുണ്ട്​. വാക്‌സിന്‍ സ്റ്റോക്കുള്ള കേന്ദ്രങ്ങളില്‍ പൂര്‍ണമായും നല്‍കി തീര്‍ക്കുന്നതാണ്. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം സംസ്ഥാനത്തിന് കേന്ദ്രം കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്ത് ആരംഭിച്ച വാക്‌സിനേഷന്‍ യജ്ഞം വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ശക്തമാക്കാന്‍ ആരോഗ്യ മന്ത്രി വീണ ജോർജ്​ നിര്‍ദേശം നല്‍കിയിട്ടുണ്ട്​. വാക്‌സിനേഷന്‍ വര്‍ധിപ്പിച്ച് പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ഈ യജ്ഞത്തിലൂടെ ശ്രമിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും വാക്‌സിനേഷന്‍ യജ്ഞം നടപ്പാക്കുക.

ആദ്യ ഘട്ടത്തില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിനെങ്കിലും നല്‍കുക എന്നതാണ് ലക്ഷ്യം. ഈ വിഭാഗത്തിലുള്ള ഒമ്പത്​ ലക്ഷത്തോളം ആള്‍ക്കാരാണ് ഇനി ആദ്യ ഡോസ് വാക്‌സിനെടുക്കാനുള്ളത്. അവര്‍ക്ക് ആഗസ്റ്റ് 15നുള്ളില്‍ തന്നെ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി തീര്‍ക്കാനും നിര്‍ദേശം നല്‍കി.

തിങ്കളാഴ്ച 2,49,943 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. സംസ്ഥാനത്ത് ഇതുവരെ ആകെ 2,20,88,293 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,56,63,417 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 64,24,876 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 2021ലെ ഏകദേശ ജനസംഖ്യ അനുസരിച്ച് 44.63 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.3 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. 

Tags:    
News Summary - Temporary solution to vaccine shortage in the state; Three lakh doses today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.