തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തുനിന്ന് ഫയലുകൾ എടുത്തുമാറ്റിയത് ടോമിൻ ജെ. തച്ചങ്കരി തെൻറ ‘ട്രാക്ക് റെക്കോഡ്’ ശരിയാക്കാനാണെന്ന് ഡി.ജി.പി ടി.പി. സെൻകുമാർ സർക്കാറിനെ അറിയിച്ചു. തച്ചങ്കരിയുടെ നടപടികൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. തച്ചങ്കരിയെ കൈയേറ്റംചെയ്െതന്ന പരാതിയിൽ ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിലാണ് പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചിൽനിന്ന് തച്ചങ്കരി 12 ഫയലുകൾ പരിശോധിച്ച് വിശദാംശങ്ങൾ ശേഖരിെച്ചന്നും അത് കേസുകളിൽനിന്ന് രക്ഷപ്പെടാനാണെന്നുമാണ് ഡി.ജി.പി വ്യക്തമാക്കിയിട്ടുള്ളത്. അതിനിടെ തച്ചങ്കരിക്കെതിരായ കേസുകൾ സംബന്ധിച്ച വിശദാംശങ്ങളും ഡി.ജി.പി ശേഖരിച്ചതായാണ് വിവരം. ആരോപണവിധേയനായ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായി നിയമിച്ച സംഭവത്തിൽ കോടതി തന്നെ വിശദീകരണം തേടിയിരിക്കുകയാണ്.
ആ സാഹചര്യത്തിൽ തനിക്കെതിരെയുള്ള കേസുകളെല്ലാം തീർത്ത് ഭാവിയിൽ ലഭിക്കേണ്ട സ്ഥാനമാനങ്ങൾ സ്വന്തമാക്കാനുള്ള 1987 ബാച്ച് െഎ.പി.എസ് ഉദ്യോഗസ്ഥനായ തച്ചങ്കരിയുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും ചൂണ്ടിക്കാട്ടുന്നു. ടി ബ്രാഞ്ചിലെ ഉദ്യോഗസ്ഥയുടെ സഹായത്തോടെയാണ് തച്ചങ്കരി ഫയലുകൾ കരസ്ഥമാക്കിയതെന്നാണ് ആരോപണം. ഇൗ ബ്രാഞ്ചിലെ രേഖകളും വിവരാവകാശ നിയമത്തിെൻറ പരിധിയിൽ കൊണ്ടുവരുന്ന തെൻറ ഉത്തരവ് അട്ടിമറിക്കുന്ന നീക്കത്തിന് പിന്നിലും തങ്ങളുടെ അഴിമതി പുറംലോകം അറിയുമെന്ന ആശങ്ക മൂലമാണെന്നും ഡി.ജി.പി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മുമ്പ് തന്നെ സർക്കാർ അനുമതിയില്ലാതെ വിദേശയാത്ര നടത്തി തീവ്രവാദ ബന്ധമുള്ളവരുമായി ചർച്ചനടത്തിയെന്ന ആരോപണത്തിന് വിധേയനായ തച്ചങ്കരിക്കെതിരെ നിരവധി വിജിലൻസ് കേസുകളും നിലവിലുണ്ട്. ഏറ്റവുമൊടുവിൽ ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്നപ്പോഴും ട്രാൻസ്പോർട്ട് കമീഷണറായിരുന്ന തച്ചങ്കരിക്കെതിരെ കേസെടുക്കാൻ നിർദേശിച്ചിരുന്നു.
എന്നാൽ, തനിക്കെതിരായ വിജിലൻസ് കേസുകളൊക്കെ അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ തച്ചങ്കരി ആരംഭിെച്ചന്ന് തെളിയിക്കുന്ന രീതിയിലാണ് കാര്യങ്ങൾ. ചില ഉദ്യോഗസ്ഥർ വൈരാഗ്യംമൂലം കേസുകൾ കെട്ടിച്ചമച്ചതാണെന്ന് കാട്ടി വിജിലൻസ് ഡയറക്ടർക്ക് ഇദ്ദേഹം കത്ത് നൽകിയതായാണ് വിവരം.
അതിനിടെ ഡി.ജി.പിയുമായി ബന്ധപ്പെട്ട ചില പരാതികളും പരിശോധിക്കാൻ സർക്കാർ വിജിലൻസിന് കൈമാറിെയന്ന് സൂചനയുണ്ട്. അങ്ങെനയാണെങ്കിൽ അത് ഇൗമാസം 30ന് സ്ഥാനമൊഴിയുന്ന സെൻകുമാറിെൻറ പെൻഷൻ ആനുകൂല്യങ്ങൾ തടയാൻ കാരണമായേക്കാം. അങ്ങനെ സംഭവിച്ചാൽ അത് വീണ്ടും നിയമയുദ്ധത്തിന് കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.