ന്യൂഡൽഹി: പന്തീരാങ്കാവ് കേസിൽ വിദ്യാർഥികളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്കെതിരെ മാവോവാദി ബന്ധം ആരോപിച്ച് ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ ചുമത്തിയത് പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് സുപ്രീംകോടതി. ഹൈകോടതി ജാമ്യം നിഷേധിച്ച രണ്ടാം പ്രതി താഹ ഫസലിന് ജാമ്യം അനുവദിക്കാനും ജസ്റ്റിസുമാരായ അജയ് രസ്തോഗി, അഭയ് എസ്. ഓക എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു. ഒന്നാം പ്രതി അലൻ ഷുഹൈബിെൻറ ജാമ്യം റദ്ദാക്കണമെന്ന ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എയുടെ ആവശ്യം തള്ളി.
ഏതെങ്കിലും ഭീകരസംഘടനയുമായി ബന്ധപ്പെട്ടതിെൻറ പേരിൽ മാത്രം യു.എ.പി.എ ചുമത്താനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബന്ധവും പിന്തുണയും ഭീകര സംഘടനാ പ്രവർത്തനം വിപുലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഉള്ളതായിരിക്കണം. അതിനുതക്ക തെളിവുകളും ഉണ്ടായിരിക്കണം. ഈ വിദ്യാർഥികൾക്ക് സി.പി.ഐ (മാവോയിസ്റ്റ്) എന്ന നിരോധിത സംഘടനയുമായി ദീർഘകാലം സ്ഥിരബന്ധമുണ്ടായിരുന്നുവെന്ന് കുറ്റപത്രം തെളിയിക്കുന്നില്ല.
യൗവന തുടക്കത്തിൽ നിരോധിത സംഘടനയിൽ ആകൃഷ്ടരായിട്ടുണ്ടാകാം. അതുകൊണ്ട് ചില പുസ്തകമോ ലഘുലേഖയോ കൈവശം വെച്ചിരിക്കാം. സംഘടനയുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത ഒരു ഫോട്ടോയോ, ലഘുലേഖ പോലുള്ള സാഹിത്യങ്ങളോ അല്ലാതെ സജീവ പങ്കാളിത്തവും പിന്തുണയും തെളിയിക്കുന്ന ഒന്നും കണ്ടെത്തിയിട്ടില്ല. ഇക്കാര്യങ്ങളൊന്നും ഹൈകോടതി ശ്രദ്ധിച്ചില്ല.
രണ്ടാം പ്രതി താഹ ഫസലിന് വിചാരണ കോടതി നേരത്തേ അനുവദിച്ച ജാമ്യം, ഹൈകോടതി വിധി അസാധുവാക്കി പുനഃസ്ഥാപിച്ച സുപ്രീംകോടതി വിധിയിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. 570ലേറെ ദിവസമായി ജയിലിൽ കഴിയുന്ന താഹക്കെതിരെ യു.എ.പി.എയുടെ കടുത്ത വ്യവസ്ഥകൾ ചുമത്താൻ തക്ക തെളിവുകളൊന്നും കുറ്റപത്രത്തിൽ ഇല്ല. മറ്റു കുറ്റാരോപണങ്ങളുടെ തെളിവു ശക്തമെങ്കിൽ പരമാവധി അഞ്ചുവർഷത്തെ തടവു കിട്ടാവുന്ന, ചിലപ്പോൾ പിഴയിട്ട് വെറുതെ വിടാവുന്ന ഒരു കേസാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. വിചാരണ കോടതി നിർദേശിച്ച ജാമ്യവ്യവസ്ഥകൾ പ്രകാരം താഹക്ക് ജയിലിൽനിന്ന് പുറത്തിറങ്ങാം. ഇതിനായി ഒരാഴ്ചക്കകം പ്രതിയെ വിചാരണ കോടതിയിൽ ഹാജരാക്കണം. തങ്ങളുടെ നിരീക്ഷണങ്ങൾ ജാമ്യവുമായി ബന്ധപ്പെട്ടതാണ്; വിചാരണ കോടതി നടപടികളെ സ്വാധീനിക്കരുതെന്നും കോടതി വ്യക്തമാക്കി.
പന്തീരാങ്കാവ് കേസിൽ കൊച്ചിയിലെ എൻ.ഐ.എ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. താഹക്ക് ജാമ്യം നൽകുന്നതിന് വിചാരണ കോടതി അയവുള്ള സമീപനം സ്വീകരിച്ചുവെന്ന നിരീക്ഷണത്തോടെയാണ് ഹൈകോടതി താഹയുടെ ജാമ്യം നേരത്തേ റദ്ദാക്കിയത്. ഒന്നാം പ്രതിക്ക് വിചാരണ കോടതി അനുവദിച്ച ജാമ്യം ശരിവെക്കുകയും രണ്ടാം പ്രതിക്ക് അതു നിഷേധിക്കുകയും ചെയ്ത ഹൈകോടതി വിധി ഏറെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ഇതാണ് സുപ്രീംകോടതി തീരുമാനത്തിലൂടെ തിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.