ഇൗങ്ങാപ്പുഴ: താമരശ്ശേരി ചുരം റോഡിൽ ഞായറാഴ്ച മുതല്‍ നിയന്ത്രിത രീതിയില്‍ ഗതാഗതം പുനസ്ഥാപിക്കുമെന്ന് മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ. കെ ശശീന്ദ്രനും അറിയിച്ചു. തകർന്ന ചുരത്തിലെ ചിപ്പിലിത്തോട് ഭാഗം സന്ദര്‍ശിച്ച് അറ്റകുറ്റപ്പണി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍. ചുരം റോഡിലെ ഗതാഗത പ്രശ്‌നം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും റോഡില്‍ ബസ് സർവീസ് മൂന്ന് ദിവസത്തിനകം പുനരാരംഭിക്കുെമന്നും മന്ത്രിമാർ അറിയിച്ചു. എന്നാല്‍ ചരക്ക് വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് അനുവദിക്കില്ല.
വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ റോഡില്‍ പണി നടത്തുന്നതിന് തടസമുണ്ടായിരുന്നു. നിലവില്‍ സ്ഥിതി മാറി. മൂന്ന് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. യാത്രാ സൗകര്യം സുഗമമാക്കുക എന്നതാണ് ലക്ഷ്യം. അതു കൊണ്ട് തന്നെ പണി എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മൂന്ന് ചീഫ് എഞ്ചിനീയര്‍മാര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി സ്ഥിതി ഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ കൂടി സ്ഥലം സന്ദര്‍ശിച്ച ശേഷം റോഡ് നിര്‍മാണം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ തീരൂമാനിക്കുമെന്നും മന്ത്രി ടി.പി രാമകൃഷ്ണൻ അറിയിച്ചു.
കെഎസ്ആര്‍ടിസി അടക്കമുള്ള യാത്രാ വാഹനങ്ങള്‍ വണ്‍വേ അടിസ്ഥാനത്തിലായിരിക്കും കടത്തി വിടുക. ഇടിഞ്ഞ ഭാഗങ്ങള്‍ മാത്രമല്ല ചുരം റോഡ് പൂര്‍ണമായും സംരക്ഷിക്കപ്പെടണം. സുരക്ഷിതമായ യാത്ര ഒരുക്കുന്നതിനായി മറ്റുള്ളപ്രശ്നങ്ങളും കണ്ടെത്തി സമയബന്ധിതമായി പരിഹരിക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഗതാഗതം, വനം, പൊതുമരാമത്ത് വകുപ്പുകള്‍ സംയുക്തമായാണ് പ്രവൃത്തികള്‍ നടത്തുന്നത്. റോഡ് പുനര്‍നിര്‍മാണ പ്രവൃത്തി നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോവുക മാത്രമാണ് ഇപ്പോള്‍ സര്‍ക്കാറിന്റെ മുന്നിലുളള ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.