തണ്ടപ്പേർ രജിസ്റ്ററിലെ വീഴ്ച: കുറ്റിപ്പുറം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഷിബുവിന്റെ വാർഷിക വേതന വർധനവ് ഒരു വർഷത്തേക്ക് തടഞ്ഞു

കോഴിക്കോട് : തണ്ടപ്പേർ രജിസ്റ്ററിനമ്പരുകൾ രേഖപ്പെടുത്തുന്നതിൽ വീഴ്ചവരുത്തിയ കുറ്റിപ്പറം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് എ. ഷിബുവിന്റെ വാർഷിക വേതന വർധനവ് ഒരു വർഷത്തേക്ക് തടഞ്ഞ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. വിജിലൻസ് പരിശോധനയിലാണ് വീഴ്ചകൾ കണ്ടെത്തിയത്.

കുറ്റപത്രം അനുസരിച്ച് ഷിബു തണ്ടപ്പേർ രജിസ്റ്ററിൽ ചില നമ്പരുകൾ മാത്രം രേഖപ്പെടുത്തി മറ്റ് വിവരങ്ങളൊന്നും രേഖപ്പെടുത്താതെ രജിസ്റ്റർ അപൂർണമായി സൂക്ഷിച്ചുവെന്നതാണ്. അതിന് നൽകിയ മറുപടിയിൽ തണ്ടപ്പേർ രജിസ്റ്ററിലെ 2768, 2769, 2770, 2771, 2772, 2773, 2774 എന്നീ നമ്പർ തണ്ടപ്പേർ നമ്പരുകൾ കക്ഷികൾക്ക് കൊടുത്തു രജിസ്റ്ററിൽ അപൂർണമായി എഴുതിയത് ഷിബുവല്ലെന്നും ഓഫീസറുടെ ചാർജ് ഉണ്ടായിരുന്ന സ്പെഷ്യൽ വില്ലേജ് ഓഫീസർ ദേവദാസ് ആണെന്നും അറിയിച്ചു.

പരിശോധിച്ചതിൽ എ. ഷിബുവിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് മലപ്പുറം കളക്ടറും റിപ്പോർട്ട് നൽകി. ലാൻഡ് റവന്യൂ കമീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ ഷിബുവിനെതിരെ പ്രാദേശിക തലത്തിൽ നടത്തിയ അന്വേഷണത്തിൽ പൊതുവെ മോശമായ അഭിപ്രായമാണുള്ളത്. എന്നാൽ, കൈക്കൂലി വാങ്ങിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കുറ്റപത്രത്തിൽ പരാമർശിക്കുന്ന തണ്ടപ്പേർ നമ്പരുകൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ളത് എസ്.വി.ഒ ദേവദാസ് ആണ്. കൈയക്ഷരം പരിശോധിച്ചതിൽ അത് ശരിയാണെന്ന് കണ്ടെത്തി.

ജോലിതിരക്ക് മൂലമാണ് അത് പൂർത്തീകരിക്കാൻ കഴിയാതിരുന്നതെന്നും പിന്നീട് അത് പൂർണമായ രേഖപ്പെടുത്തലുകൾ വരുത്തിയെന്നും അറിയിച്ചു. ഷിബുവിനെതിരെ തിരൂർ തഹസിൽദാർക്ക് ധാരാളം പരാതികൾ ലഭിച്ചുവെന്നും റിപ്പോർട്ട് ചെയ്തു.തണ്ടപ്പേർ രജിസ്റ്ററിൽ രേഖപ്പെടുത്തലുകൾ വരുത്തിയിട്ടുള്ളത് ദേവദാസ് ആണെങ്കിലും, ഷിബുവിനെതിരെ നിരവധി പരാതികൾ നിരന്തരം വരുന്നതായി ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ട് ചെയ്തു. ഷിബുവിന്റെ പൊതുജനങ്ങളോടുള്ള സമീപനം വളരെ മോശമാണെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് ഉത്തരവിൽ പറയുന്നു. 

Tags:    
News Summary - Thandappar register lapse: Kuttippuram Village Field Assistant Shibu's annual salary increment has been stopped for a year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.