തിരുവനന്തപുരം: തെൻറ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കത്ത് തന്‍റേതല്ലെന്ന് യൂത്ത് കോൺഗ്രസ് വനിത നേതാവ്. 'യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ വിവേക് എച്ച്. നായർ മദ്യപിച്ച് വന്ന് തെറിവിളിച്ചു എന്നത് മാത്രമാണ് യാഥാർഥ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനെതിരെ കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി പുഷ്പലതക്ക് അവിടെവെച്ച് തന്നെ ഞാൻ പരാതി നൽകിയത്. അതനുസരിച്ച് അച്ചടക്കനടപടിയും ഉണ്ടായി. അതല്ലാതെ എന്‍റേതായി പ്രചരിക്കുന്ന കത്തിൽ പറയുംപോലെ ഒരു ലൈംഗികാതിക്രമവും ക്യാമ്പിൽ ഉണ്ടായിട്ടില്ല. പ്രചരിക്കുന്ന കത്തിലെ കൈയക്ഷരം പോലും എന്‍റേതല്ല; അത് എെൻറ പരാതിയുമല്ല' - വനിത നേതാവ് അറിയിച്ചു.
കഴിഞ്ഞയാഴ്ച പാലക്കാട് നടന്ന ചിന്തൻ ശിബിരത്തിൽ ലൈംഗികമായി തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന തരത്തിലാണ് തിരുവനന്തപുരത്ത് കെ.എസ്.യു ജില്ല ഭാരവാഹിയായിരുന്ന വനിത നേതാവിന്റെ പേരിൽ എഴുതി തയാറാക്കിയ പരാതി സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചത്. അതേസമയം, ചിന്തൻ ശിബിരത്തിൽ മദ്യപിച്ചെത്തി മോശമായി പെരുമാറിയതിന് സംസ്ഥാന നിർവാഹകസമിതിയംഗമായ വിവേക് എച്ച്. നായരെ യൂത്ത് കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യുകയും കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.