മലപ്പുറം: തവനൂരിലെ വൃദ്ധസദനത്തിൽ നാല് അന്തേവാസികൾ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മണിക്കൂറുകൾ വ്യത്യാസത്തിൽ നാലു പേർ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചതിനെ തുടർന്നാണ് നടപടി.
ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, സാമൂഹിക നീതി ഒാഫീസർ എന്നിവർ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കുള്ളിൽ റിപോർട്ട് നൽകണമെന്നാണ് കമ്മീഷെൻറ നിർദേശം.
വൃദ്ധസദനത്തിൽ ഇന്നലെ രാത്രി ഒരാളും ഇന്ന് രാവിലെ മൂന്നു പേരുമാണ് മരിച്ചത്. തേഞ്ഞിപ്പലം സ്വദേശി ശ്രീനിലയം വീട്ടിൽ കൃഷ്ണ ഘോഷ്(74), കാടഞ്ചേരി വാരിയത്ത് വളപ്പിൽ ശ്രീദേവിയമ്മ(85), ചാലിശ്ശേരി മാട്ടത്തിൽ പറമ്പ് കാളി(74), മാണൂർ കടവത്ത് വീട്ടിൽ വേലായുധൻ(102) എന്നിവരാണ് മരിച്ചത്. ശ്രീദേവിയമ്മയാണ് ഞായറാഴ്ച രാത്രി മരിച്ചത്. ഇന്നലെ മരിച്ച ശ്രീദേവിയമ്മയുടെ മൃതദേഹം ആരും അറിയാതെ സംസ്കരിച്ചിരുന്നു. ഇന്ന് രാവിലെ മരിച്ചവരുട മൃതദേഹങ്ങളും ധൃതിയിൽ സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പ്രതിഷേധിക്കുകയായിരുന്നു.
സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും മൃതദേഹം പോസ്റ്റ് മോർട്ടം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.