പെരുമ്പാവൂര്‍: അവശനായ രോഗിയെ 108 ആംബുലന്‍സ് ഡ്രൈവർ അവഗണിച്ചതായി പരാതി. ഇത് സംബന്ധിച്ച് മാറമ്പള്ളി കൂത്തുപറമ്പ് വീട്ടില്‍ കെ.എ. മുബീര്‍ ആരോഗ്യ മന്ത്രി, ഡി.എം.ഒ, എം.എല്‍.എ എന്നിവര്‍ക്ക് പരാതി നല്കി. കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ടിന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കെ കിഡ്നി രോഗിയായ മുബീറിന് പെട്ടെന്ന് ശ്വാസ തടസ്സവും ഛർദിയും ചുമയും അനുഭവപ്പെടുകയായിരുന്നു.
ഡയാലിസിസ് നിര്‍ത്തിവെച്ച് വിദഗ്ധ ചികിത്സക്ക് നിലവില്‍ ചികിത്സ നടത്തിവരുന്ന മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് പോകാന്‍ ഡ്യൂട്ടി ഡോക്ടര്‍ നിര്‍ദേശിച്ചു. താലൂക്ക് ആശുപത്രി ജീവനക്കാര്‍ 108 ആംബുലന്‍സ് വിളിച്ചു വരുത്തി. എന്നാല്‍, 40 കിലോ മീറ്ററോളം ദൂരം വരുന്ന മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകില്ലെന്നും വേണമെങ്കില്‍ ആലുവ രാജഗിരി ആശുപത്രിയില്‍ എത്തിക്കാമെന്നുമായിരുന്ന് ഡ്രൈവറുടെ നിലപാട്. പെരുമ്പാവൂരില്‍നിന്ന് 36 കിലോമീറ്ററാണ് മെഡിക്കല്‍ ട്രസ്റ്റിലേക്കുള്ള ദൂരം. ഭാര്യയും മക്കളും ആശുപത്രി ജീവനക്കാരും അഭ്യര്‍ഥിച്ചിട്ടും ഡ്രൈവര്‍ വകവെക്കാന്‍ തയാറായില്ലെന്ന് പരാതിയില്‍ പറയുന്നു. ഇതിനിടെ രോഗി അവശനായി. തുടര്‍ന്ന് ആശുപത്രിക്ക് സമീപത്തുണ്ടായിരുന്ന സ്വകാര്യ ആംബുലന്‍സ് വിളിച്ചാണ് മെഡിക്കല്‍ ട്രസ്റ്റില്‍ എത്തിയത്. എന്നാല്‍, സ്വകാര്യ ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുപോകാന്‍ 108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് അനുമതി ഇല്ലെന്നാണ് ഇതു സംബന്ധിച്ച് അധികൃതരുടെ വിശദീകരണം. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായ രോഗിയെ ആശുപത്രിയില്‍ എത്തിക്കാതിരുന്നത് ഡ്രൈവറുടെ അനാസ്ഥയാണെന്നും ഇത് സംബന്ധിച്ച് ആംബുലന്‍സ് അധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്കാന് താലൂക്ക് ആശുപത്രി പി.ആര്.ഒയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ സി.കെ. രാമകൃഷ്ണന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.