തിരുവനന്തപുരം: കാർഷിക മേഖലയിലെ പരിഷ്കരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് ബില്ലുകൾ ജനദ്രോഹവും കാർഷിക മേഖലയെ ബഹുരാഷ്ട്ര കുത്തകകൾക്ക് അടിയറവെക്കുന്നതുമാണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. പ്രാഥമിക ഉൽപാദന വിപണന മേഖലകളിൽ ലോകത്തിലെ ഏത് കമ്പനികൾക്കും കടന്നുവരാനുതകുന്നതാണ് നിയമഭേദഗതിയെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ബില്ലുകൾ പ്രാബല്യത്തിലാകുന്നതോടെ മിനിമം താങ്ങുവിലതന്നെ ഇല്ലാതാകും. നിയമങ്ങൾ നടപ്പാകുമ്പോൾ സംസ്ഥാനത്ത് വിവിധ കാർഷിക മേഖലകളിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ പഠിക്കാൻ സംസ്ഥാന ആസൂത്രണ ബോർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൃഷി, അനുബന്ധ ഗവേഷണം എന്നിവ സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ വരുന്നവയാണ്. കൃഷി, സാങ്കേതികവിദ്യ എന്നിവ സംസ്ഥാന സർക്കാറിെൻറ അനുമതി ഇല്ലാതെ ബഹുരാഷ്ട്ര കമ്പനികൾ തീരുമാനിക്കുന്ന അവസ്ഥ ഉണ്ടാകുമെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഫെഡറൽ സംവിധാനം അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ബില്ലിനെ എതിർക്കുന്ന സംസ്ഥാനങ്ങളുമായി യോജിച്ച് പ്രതിഷേധിക്കും. പ്രാഥമിക സഹകരണ സംഘങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കൃഷി, വ്യവസായ വകുപ്പ് എന്നിവയുമായി സംയോജിച്ച് വിത്ത് മുതൽ വിപണിവരെയുള്ള മേഖലകളിൽ ശക്തമായ പ്രതിരോധം തീർക്കാനുള്ള നയം രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.